സിനിമ സർക്കിൾ: പുത്തൻ അനുഭവമായി ‘വിസാരണൈ’ പ്രദർശനം
Thursday, October 6, 2016 6:51 AM IST
കുവൈത്ത്: അന്യായ തടവുകളും വ്യാജ ഏറ്റുമുട്ടലുകളും കുറ്റം ചാർത്തലുകളും തുടരനുഭവമാകുന്ന സമകാലീന സാഹചര്യങ്ങളിൽ വ്യവസ്‌ഥിതിയുടെ അഴുക്കുചാലുകൾ നിരപരാധികളെ അപരാധികളാക്കുന്ന അനുഭവപരിസരത്തെ കലാപരമായി അന്വേഷിക്കുന്ന സിനിമയാണ് വിസാരണൈ.

വെട്രിമാരൻ സംവിധാനം ചെയ്ത ഈ തമിഴ് ചിത്രം ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ഓസ്കാർ എൻട്രിയായി തെരെഞ്ഞെടുത്തിട്ടുണ്ട്.

സമാന്തര സിനിമാ പ്രസ്‌ഥാനങ്ങളുമായി സഹകരിച്ചുകൊണ്ട് നല്ല സിനിമകൾ ഒന്നിച്ചു കാണുവാനും വിലയിരുത്തുവാനും ഒരു തുടർവേദി എന്ന ആശയത്തിന്റെ ഭാഗമായി കുവൈത്തിലെ സിനിമാപ്രവർത്തകരും പ്രേക്ഷകരും ഒന്നിച്ചുകൊണ്ട് രൂപീകരിച്ച സിനിമ സർക്കിൾ പ്രദർശിപ്പിച്ചുവരുന്ന കലാമൂല്യമുള്ള സിനിമകളിൽ എട്ടാമത്തെ സിനിമയായാണ് വിസാരണൈ ഉൾപ്പെടുത്തിയത്.

പ്രദർശനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർ ലഭ്യമാക്കിയ പുതിയ ഓഡിയോ വിഷ്വൽ സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമവും നടന്നു. ഗ്രാൻഡ് ഹൈപ്പർ റീജണൽ ഡയറക്ടർ അയൂബ് കാച്ചേരി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വിനോദ് വള്ളൂപറമ്പിൽ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. മുഹമ്മദ് റിയാസ്, കൺവീനർ മുഹമ്മദ് റഫീഖ്, എഴുത്തുകാരായ കരുണാകരൻ, ബർഗ്മാൻ തോമസ്, കണ്ണൻ കാവുങ്കൽ എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന പ്രദർശനത്തിലും ചർച്ചയിൽ കുവൈത്തിലെ കലാസാംസ്കാരിക രംഗത്തെ പ്രവർത്തകർ പങ്കെടുത്തു. അബ്ദുൽ ഫത്താഹ് തയ്യിൽ, ധർമരാജ് മടപ്പള്ളി, അസീസ് തിക്കോടി, അനിൽ പി. അലക്സ്, മുനീർ അഹമ്മദ്, സലിം രാജ്, മുജീബുള്ള, സതീശൻ, ജോൺ മാത്യു, സുഹറ അസീസ്, മിനി സതീഷ്, ശബീബ റഫീഖ് തുടങ്ങിയവർ സംസാരിച്ചു. ദിലിൻ നാരായണൻ, ഹബീബുള്ള മുറ്റിച്ചുർ, അൻവർ സാദത്ത് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ