ഒക്ടോബർഫെസ്റ്റിൽ സന്ദർശകരുടെ എണ്ണത്തിൽ റിക്കാർഡ് ഇടിവ്
Wednesday, October 5, 2016 8:08 AM IST
മ്യൂണിക്ക്: ലോക പ്രശസ്തമായ മ്യൂണിക്കിലെ ഒക്ടോബർ ഫെസ്റ്റിനെത്തിയ സന്ദർശകരുടെ എണ്ണം കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറവ്.

2001 സെപ്റ്റംബർ 11ലെ ലോക വ്യാപാരം കേന്ദ്രം ആക്രമണത്തെത്തുടർന്ന് ഉയർന്ന സുരക്ഷാ ഭീതിയാണ് അന്നു സന്ദർശകരെ അകറ്റി നിർത്തിയത്. ഇപ്പോഴത്തെ പ്രശ്നം യൂറോപ്പിൽ ആകമാനം പടർന്നു പിടിച്ചിരിക്കുന്ന ഭീകരാക്രമണ ഭീതിയും.

തിങ്കളാഴ്ച അവസാനിച്ച ഈ വർഷത്തെ ഫെസ്റ്റ് സന്ദർശിച്ചത് 56 ലക്ഷം പേരാണ്. മുൻ വർഷത്തെ അപേക്ഷിച്ച് മൂന്നു ലക്ഷം പേർ കുറവ്. 2011 ലെ ഫെസ്റ്റിന് 55 ലക്ഷം പേരാണ് എത്തിയിരുന്നത്.

2014 ൽ 59 ലക്ഷം പേർ വന്ന സ്‌ഥാനത്ത് കഴിഞ്ഞ വർഷവും നാലു ലക്ഷം പേരുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ, സന്ദർശകർ കുറയാൻ കാരണം ഭീകരാക്രമണ ഭീഷണി മാത്രമല്ലെന്നു വാദിക്കുന്നവരും ഏറെ.

കനത്ത സുരക്ഷാ സന്നാഹവും നിയന്ത്രണവുംകൊണ്ടുതന്നെ ഇത്തവണ സന്ദർശകരുടെ എണ്ണത്തിൽ കുറവുവന്നത് ബിയർ ഉപഭോഗത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. സെപ്റ്റംബർ 17 ന് ആരംഭിച്ച ഫെസ്റ്റ് മൂന്നാഴ്ച പിന്നിട്ട് ഒക്ടോബർ മൂന്നിന് സമാപിക്കുമ്പോൾ കച്ചവടത്തിലും വ്യവസായത്തിലും ഉൾപ്പടെ എല്ലാതരത്തിലും കുറവ് അനുഭവപ്പെട്ടത് ഫെസ്റ്റിന്റെ ഭാവിയിലേയ്ക്കുള്ള ചൂണ്ടുപലകയോ എന്നു പലരും ഭയപ്പെടുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ