ഭൂമിയിലെ നിത്യ ഹരിത നഗരം സൂറിച്ചിന് സ്വന്തം
Wednesday, October 5, 2016 6:04 AM IST
സൂറിച്ച്: ലോകത്തിലെ ഏറ്റവും ഹരിതാഭമായ നഗരം എന്ന ഖ്യാതി സ്വിറ്റ്സർലൻഡിലെ സൂറിച്ച് സിറ്റി സ്വന്തമാക്കി. ശക്‌തമായ പരിസ്‌ഥിതി സംരക്ഷണത്തിലൂടെ സിംഗപുർ, സ്റ്റോക്ഹോം, വിയന്ന, ലണ്ടൻ നഗരങ്ങളെ പിന്തള്ളിയാണ് സൂറിച്ച് ഈ നേട്ടം സ്വന്തമാക്കിയത്.

അർക്കാഡിസും സെന്റർ ഫോർ ഇക്കണോമിക് ആൻഡ് റിസർച്ച് ഏജൻസിയും സംയുക്‌തമായി നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തൽ.

ആദ്യമെത്തിയ 20 സിറ്റികളിൽ 16 ഉം യൂറോപ്യൻ നഗരങ്ങളായിരുന്നു. നൂറു നഗരങ്ങളാണ് പട്ടികയിലുണ്ടായിരുന്നത്. മൂന്നു വസ്തുതകളെ അടിസ്‌ഥാനമാക്കി ജനങ്ങൾ, ഭൂമിയുടെ അവസ്‌ഥ, പ്രോഫിറ്റ് എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുന്ന 32 വസ്തുതകൾ പരിശോധിച്ചശേഷമാണ് ലോകത്തിലെ സുസ്‌ഥിര നഗരമെന്ന പട്ടം സൂറിച്ചിന് ലഭ്യമായത്.

സൂറിച്ച് ലോകത്തിലെ ഏറ്റവും മികച്ച സിറ്റികളിലൊന്നാണ്. ഉപ പട്ടികയനുസരിച്ച് പരിസ്‌ഥിതി ഘടകങ്ങൾ, ഊർജ പരിസ്‌ഥിതി മലിനീകരണം എന്നിവയിലും സൂറിച്ചിനാണ് ഒന്നാംസ്‌ഥാനം. വൈദ്യുതിയുടെ ഉപയോഗം 2050 ഓടോ രണ്ടായിരം വാട്ട് എന്ന നിലയിലേക്ക് പരിമിതപ്പെടുത്തിക്കൊണ്ടിരിക്കുന്ന സിറ്റി കൂടിയാണ് സൂറിച്ച്. ആളോഹരി 2000 വാട്സ് എന്നതാണ് പുതിയ പദ്ധതി. വ്യവസായ സംരംഭങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പട്ടണവും സൂറിച്ച് തന്നെ. വ്യവസായ അന്തരീക്ഷം, സാമ്പത്തിക ആരോഗ്യം എന്നിവയിൽ അഞ്ചാം സ്‌ഥാനത്താണ് സൂറിച്ച്.

അതേസമയം ജീവിത നിലവാരം, ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം, കുറ്റകൃത്യങ്ങൾ, വീട്ടുവാടക, ജീവിതചെലവ് തുടങ്ങിയവ പരിശോധിക്കുമ്പോൾ ജനജീവിതത്തിൽ 27–ാം സ്‌ഥാനത്താണ് സൂറിച്ച്

റിപ്പോർട്ട്: ഷിജി ചീരംവേലിൽ