മാർ സ്രാമ്പിക്കലിന്റെ പ്രാഥമിക സന്ദർശന പരിപാടിക്ക് ശുഭപര്യവസാനം
Wednesday, October 5, 2016 6:04 AM IST
ലണ്ടൻ: വെയിൽസിൽ ഇന്നലെ നടത്തിയ പര്യടനത്തോടെ മെത്രാഭിഷേകത്തിനു മുന്നോടിയായി മാർ സ്രാമ്പിക്കലിന്റെ പ്രാഥമിക സന്ദർശന പരിപാടിക്ക് ശുഭപര്യവസാനം.

സെപ്റ്റംബർ 18ന് മാഞ്ചസ്റ്ററിൽ വിമാനമിറങ്ങിയതുമുതൽ തുടങ്ങിയ സന്ദർശനം 15 ദിവസങ്ങൾകൊണ്ടാണ് പൂർത്തിയാക്കിയത്. എല്ലാ വിശുദ്ധ കുർബാന കേന്ദ്രങ്ങളും സന്ദർശിക്കാൻ പദ്ധതിയില്ലാതിരുന്നതിനാൽ പ്രധാനമായും രൂപതാകേന്ദ്രങ്ങളും അതിനോടടുത്ത വിശുദ്ധ കുർബാന കേന്ദ്രങ്ങളുമാണ് നിയുക്‌ത ഇടയൻ സന്ദർശിച്ചത്. തന്റെ പുതിയ ശുശ്രൂഷയ്ക്ക് വലിയ പ്രത്യാശയും ഉന്മേഷവും നൽകുന്നതായിരുന്നു സന്ദർശനങ്ങളെന്ന് മാർ സ്രാമ്പിക്കൽ പറഞ്ഞു. മിക്ക സ്‌ഥലങ്ങളിലും അതാതു രൂപതകളിലെ മെത്രാന്മാരും ഇംഗ്ലീഷ് മലയാളി വൈദികരും കൊച്ചുകുട്ടികളുമുൾപ്പെടെയുള്ള അൽമായരും തങ്ങളുടെ നിയുക്‌ത ഇടയനെ പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു. എല്ലാ രൂപതകളിലെയും ഇംഗ്ലീഷ് പിതാക്കന്മാരെ കാണാനും അവരോടു ചർച്ചകൾ നടത്താനും സാധിച്ചത് പുതിയ ശുശ്രൂഷയ്ക്ക് ഉറച്ച ഒരു അടിസ്‌ഥാനം നൽകുമെന്ന് വിശ്വാസികൾ പ്രത്യാശിക്കുന്നു.

ഇന്നലെ രാവിലെ കാർഡിഫിൽ നിയുക്‌ത മെത്രാനെ ഫാ. ജോർജ് പുത്തൂരാൻ, ഫാ. അംബ്രോസ് മാളിയേക്കൽ തുടങ്ങിയവരും കാർഡിഫ്, ഹെരെഫോർഡ്, ബാരി, ന്യൂപോർട്ട് എന്നിവിടങ്ങളിലെ സീറോ മലബാർ വിശ്വാസികളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് സ്വാൻസിയിൽ മോൺ. ജോസഫ് സെഫായി (വികാരി ജനറാൾ മെനേവിയ) യെ സന്ദർശിച്ചു. സ്വാൻസിയിൽ ഫാ. സജി കൂട്ടക്കൈതയിലും വിശ്വാസികളും നിയുക്‌ത ഇടയന് സ്വാഗതമേകി. മാരിസ്റ്റണിൽ ഫാ. ജാസൺ ജോൺസ് വിശ്വാസികളോടൊപ്പം മാർ സ്രാമ്പിക്കലിനെ സ്വീകരിച്ചു. പുതുതായി പ്രതിഷ്ഠിച്ച മാർ തോമാശ്ലീഹായുടെയും വിശുദ്ധ മദർ തെരേസായുടെയും രൂപങ്ങൾ മാർ സ്രാമ്പിക്കൽ ആശീർവദിച്ചു. തുടർന്ന് ബ്രക്കണിൽ ഫാ. ജിമ്മി പുളിക്കക്കുന്നേൽ, എക്സ്റ്ററിൽ ഫാ. ജോനാഥൻ സ്റ്റുവാർഡ് എന്നിവരും വിശ്വാസികളും ചേർന്ന് ഊഷ്മള സ്വീകരണങ്ങൾ നൽകി. എല്ലാ സ്വീകരണ യോഗങ്ങളിലും സെക്രട്ടറിയായി ചുമതലയേറ്റ ഫാ. ഫാൻസ്വാ പത്തിലും മാർ സ്രാമ്പിക്കലിനെ അനുഗമിച്ചിരുന്നു.