ദുരന്ത വാർഷികത്തിൽ ഇറ്റലി 2600 പേരെ രക്ഷപെടുത്തി
Wednesday, October 5, 2016 5:49 AM IST
റോം: അഭയാർഥികൾ കടലിൽ മുങ്ങി മരിച്ചതിന്റെ മൂന്നാം വാർഷിക ദിനത്തിൽ ഇറ്റലി 2600 പേരെ ലിബിയൻ തീരത്തു നിന്നു രക്ഷിച്ചു.

മെഡിറ്ററേനിയൻ കടൽ വഴിയുള്ള അഭയാർഥി പ്രവാഹവം അതിന്റെ കടുത്ത പ്രത്യാഘാതങ്ങളും ലോക ശ്രദ്ധയിലെത്തിച്ച സംഭവമായിരുന്നു 368 അഭയാർഥികളുടെ മുങ്ങി മരണം. അന്ന് 500 പേർ കയറി ബോട്ടിനു തീപിടിച്ചായിരുന്നു അപകടം.

ഇന്നലെ രക്ഷപെടുത്തിയവരിൽ നിരവധി കുട്ടികളും ഉൾപ്പെടുന്നു. അഭയാർഥികൾ കയറിയ ബോട്ടുകൾ പലതും കടലിൽ തകരാറിലായ നിലയിലായിരുന്നു. ഇതിലൊരു മത്സ്യബന്ധന ബോട്ടിൽ എഴുനൂറു പേരെ വരെ കുത്തിനിറച്ചിരുന്നു.

രക്ഷാ പ്രവർത്തനത്തിനിടെ ഇന്ധനം ചോർന്ന് പൊള്ളലേറ്റ അമ്മയെയും കുഞ്ഞിനെയും പ്രത്യേക ബോട്ടിലേക്കു മാറ്റി അടിയന്തര ചികിത്സ നൽകി.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ