കൊളോൺ കേരള സമാജം വെസ്റ്റ്ഫാളിയ നിയമസഭ സന്ദർശിച്ചു
Tuesday, October 4, 2016 7:59 AM IST
കൊളോൺ: കൊളോൺ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ മുപ്പത്തിയൊൻപതംഗ സംഘം വെസ്റ്റ്ഫാലിയ സംസ്‌ഥാന നിയമസഭ സന്ദർശിച്ചു. സെപ്റ്റംബർ 15ന് രാവിലെ 8.30ന് പ്രവേശന കവാടത്തിലെത്തിയ സംഘത്തെ നിയമസഭാ ഉദ്യോഗസ്‌ഥർ സ്വീകരിച്ചു. സുരക്ഷാ പരിശോധനയ്ക്കു ശേഷം ഇൻഫർമേഷൻ ഹാളിൽ ഇൻഫോ മേധാവി മുള്ളർഹൻസ് ഡ്യുസൽഡോർഫ് നിയമനിർമാണ സഭയെപ്പറ്റി ഹ്രസ്വമായി ഫിലിമിൽ വിശദീകരിച്ചു.

നിയമസഭാംഗങ്ങൾക്കായുള്ള നിയമസഭാ മന്ദിരത്തിലെ പ്രസിദ്ധമായ ഓവാസ റസ്റ്ററന്റിലെ ബ്രേക്ക് ഫാസ്റ്റിനു ശേഷം സംഘം നിയമസഭയിലെ സന്ദർശക ഗാലറിയിൽ പ്രവേശിച്ചു. വെസ്റ്റ്ഫാലിയ സംസ്‌ഥാനത്തെ ഈ വർഷത്തെ മർമപ്രധാനമായ ക്യാബിനറ്റ് കൂടുന്ന ദിവസമായിരുന്നു സന്ദർശനം. കുടുംബങ്ങൾക്കുവേണ്ടിയുള്ള ബജറ്റ് അവതരണത്തിനായി നിയമസഭാംഗങ്ങളും മുഖ്യമന്ത്രി ഹനലോറെ ക്രാഫ്റ്റും സഹമന്ത്രിമാരും രാവിലെ 9.45 നെത്തിയിരുന്നു. പത്തിനു തന്നെ നിയമസഭാ നടപടി ക്രമങ്ങൾ ആരംഭിച്ചു. ബജറ്റ് അവതരണ നടപടികൾ പൂർണമായി വീക്ഷിച്ചും വിവിധ രാഷ്ട്രീയ പാർട്ടി അംഗങ്ങളുടെ വിശദീകരണങ്ങളും വാദപ്രതിവാദങ്ങൾക്കും ഏതാണ്ട് ഒരു മണിക്കൂർ നേരം സംഘം സാക്ഷിയായി. തുടർന്ന് ബ്രൂൾ എംഎൽഎ ജോർജ് ഗോളാണ്ടിന്റെ ക്യാബിനിൽ അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘാംഗങ്ങളുമായി ചർച്ചകൾ നടത്തി.

ജർമനിയെ എല്ലാതലത്തിലും പിടിച്ചുലച്ച അഭയാർഥി പ്രശ്നവും ചാൻസലർ മെർക്കലിന്റെ അഭയാർഥി നയവും ഒക്കെ പ്രതിപാദന വിഷയമായിരുന്നു. കൂടാതെ വിദേശികളുടെ ജർമനിയിലെ രാഷ്ട്രീയം, പോലീസിന്റെ സുരക്ഷാ നിയമങ്ങൾ, മലയാളി രണ്ടാം തലമുറയുടെ ജർമൻ രാഷ്ട്രീയത്തിലേയ്ക്കുള്ള പ്രവേശനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കുശേഷം അംഗങ്ങളുടെ ചോദ്യങ്ങൾക്ക് ഗോളാണ്ട് മറുപടി പറഞ്ഞു. ഭവനഭേദനം, മോഷണം, പിടിച്ചുപറി, പോക്കറ്റടി തുടങ്ങിയ ക്രിമിനൽ വിഷയങ്ങളിൽ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും അതിനുവേണ്ട നിയമ സഹായങ്ങളെക്കുറിച്ചും നിയമസഭയിലെ സുരക്ഷാ കമ്മറ്റി അംഗവും ചാൻസലർ അംഗലാ മെർക്കലിന്റെ പാർട്ടിക്കാരനുമായ എംഎൽഎ വിവരിച്ചു. ചടങ്ങിൽ എംഎൽഎയ്ക്കും അദ്ദേഹത്തിന്റെ സെക്രട്ടറിക്കും സമാജത്തിന്റെ ഉപഹാരവും സമ്മാനിച്ചു.

നിയമ സന്ദർശിക്കാൻ അവസരമൊരുക്കിത്തന്ന എംഎൽഎയെ പ്രത്യേകം അഭിനന്ദിച്ചുകൊണ്ട് സമാജം പ്രസിഡന്റ് ജോസ് പുതുശേരി, സമാജം ജനറൽ സെക്രട്ടറി ഡേവീസ് വടക്കുംചേരി എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ