പോളണ്ടിൽ ഗർഭഛിദ്ര നിരോധനത്തിനെതിരേ വനിതകളുടെ പ്രതിഷേധ പ്രകടനം
Tuesday, October 4, 2016 7:57 AM IST
വാഴ്സോ: ഗർഭഛിദ്രം പൂർണമായി നിരോധിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിക്കാൻ പോളണ്ടിൽ ആയിരക്കണക്കിനു സ്ത്രീകൾ തെരുവിലിറങ്ങി.

പ്രത്യുത്പാദന അവകാശം സംരക്ഷിക്കപ്പെടണം എന്നാവശ്യപ്പെട്ട് കറുത്ത വസ്ത്രങ്ങൾ ധരിച്ചാണ് പ്രകടനക്കാർ തെരുവിലിറങ്ങിയത്. 60 നഗരങ്ങൾ കേന്ദ്രമാക്കിയാണ് പ്രകടനക്കാർ പ്രതിഷേധിച്ചത്. പ്രതിഷേധ സൂചകമായി ഇവർ ഓഫിസുകളിലെയും വീടുകളിലെയും ജോലിയും ബഹിഷ്കരിച്ചു.തന്നെയുമല്ല ഭർത്താവുമായുള്ള കിടക്കപോലും ബഹിഷ്ക്കരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

മാനഭംഗം, വ്യഭിചാരം അമ്മയുടെയും കുട്ടിയുടെയും ജീവൻ അപകത്തെിലാവുന്ന അവസ്‌ഥയൊഴിച്ചുള്ള കാര്യങ്ങളിൽപ്പോലും ഗർഭഛിദ്രം അനുവദിക്കാനാണ് പുതിയ നിയമവ്യവസ്‌ഥയിൽ ഉൾപ്പെടുന്നത്. എന്നാൽ ഗർഭഛിദ്രം അനുവദിക്കാതിരിക്കാനും നിയമം ലംഘിച്ചാൽ ഇതിനു മുതിരുന്ന സ്ത്രീകളെയും ഇതിനു സൗകര്യം ചെയ്തുകൊടുക്കുന്ന ഡോക്ടറേയും അഞ്ചു വർഷംവരെ തടവിൽ ഇടാനുള്ള നിയമവും പുതിയ വ്യവസ്‌ഥയും മാറിമറിയുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. പ്രതിഷേധ ദിനത്തെ കറുത്ത തിങ്കളായി ജനങ്ങൾ വിശേഷിപ്പിച്ചു.

പാർലമെന്റിന്റെ ഒരു സഭ ഇതിനകം ഗർഭഛിദ്ര നിരോധന ബിൽ പാസാക്കിക്കഴിഞ്ഞു. ബിൽ നിയമമായാൽ മാൾട്ടയിലെയും വത്തിക്കാനിലെയും പോലെ ശക്‌തമാകും പോളണ്ടിലെ നിയമവും.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ