ലൂക്കൻ മലയാളി ക്ലബ് ഓണാഘോഷം നടത്തി
Tuesday, October 4, 2016 7:28 AM IST
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബിന്റെ പത്താമത് ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

പാമേഴ്സ് ടൗൺ സ്കൂൾ ഹാളിൽ നടന്ന ആഘോഷ പരിപാടികൾ ജിപ്സൻ ജോസഫിന്റെ മാതാപിതാക്കളായ ജോസ് ജോസഫും വത്സമ്മയും വൈസ് പ്രസിഡന്റ് തമ്പി മത്തായിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. തുടർന്നു കായിക മത്സരങ്ങളും വടംവലിയും റോയൽ കാറ്ററേഴ്സിന്റെ ഓണസദ്യയും നടന്നു.

കലാപരിപാടികൾക്കു തുടക്കം കുറിച്ച് ഓണത്തിന്റെ ഐതീഹ്യം ഉൾപ്പെടുത്തി ഇരുപതോളം കുട്ടികൾ ഓണസ്കിറ്റ് അരങ്ങേറി. തുടർന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് ആനയിച്ചതോടെ സംസ്കാരിക സമ്മേളനത്തിനു തുടക്കമായി. ഫാ. തങ്കച്ചൻ പോൾ ഞാളിയത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെജി കുര്യൻ അധ്യക്ഷത വഹിച്ചു. ഡോ. മനോജ് പാറക്കൽ ഓണ സന്ദേശം നൽകി. ചീഫ് കോഓർഡിനേറ്റർമാരായ രാജു കുന്നക്കാട്ട്, റോയി കുഞ്ചലക്കാട്ട്, ക്ലബ് സെക്രട്ടറി റോയി പേരയിൽ, ട്രഷറർ ജയൻ തോമസ് എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടർ ടോം തോമസിനെ ആദരിച്ചു. ക്ലബ് ഏർപ്പെടുത്തിയ മൊമെന്റോ തോമസ് ജോസഫും ലീലാമ്മയും ചേർന്ന് ഏറ്റുവാങ്ങി. ലിവിംഗ് സേർട്ട് പരീക്ഷയിൽ ഉന്നത വിജയം നേടിയ എബിൻ ബെന്നിക്ക് മൊമെന്റോ ഫാ. തങ്കച്ചൻ പോൾ സമ്മാനിച്ചു. ഡോ. മനോജ് പാറയ്ക്കൽ, ക്ലബ് പ്രസിഡന്റ് ഡൊമിനിക് സാവിയോ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.