ഐഎപിസി രാജ്യാന്തര മാധ്യമസമ്മേളനം: ഒക്ടോബർ എട്ട്, ഒമ്പത്, പത്ത് തീയതികളിൽ
Tuesday, October 4, 2016 4:47 AM IST
ന്യൂയോർക്ക്: ഇന്തോ– അമേരിക്കൻ പ്രസ്ക്ലബിന്റെ (ഐഎപിസി) മൂന്നാമത് അന്താരാഷ്ര്‌ട മാധ്യമസമ്മേളനം ഒക്ടോബർ എട്ട്, ഒമ്പത്, പത്ത് (ശനി, ഞായർ, തിങ്കൾ) തീയതികളിൽ നടക്കും. കണക്ടിക്കട്ടിലുള്ള ഹിൽട്ടൺ സ്റ്റാംഫോർഡ് ഹോട്ടലിലാണ് സമ്മേളനം.

അമേരിക്കയിലേയും കാനഡയിലേയും ഉൾപ്പെടെ രാജ്യാന്തരതലത്തിൽ പ്രശസ്തരായ ദൃശ്യ, പത്ര മാധ്യമ രംഗത്തെ പ്രമുഖരായ ആർ.എസ്. ബാബു, മാങ്ങാട് രത്നാകരൻ, എം.വി. നികേഷ് കുമാർ, എസ്.ആർ. ശക്‌തിധരൻ, ജി. ശേഖരൻ നായർ, പ്രദീപ് പിള്ള, ജെ.എസ്. ഇന്ദുകുമാർ, ലിസ് മാത്യു, സിന്ധു സൂര്യകുമാർ, ജെ.അലക്സാണ്ടർ ഐഎഎസ്, പി.വി. അബ്ദുൾ വഹാബ് എംപി, ഡോ. അജയ് ലോധാ, എച്ച്.ആർ. ഷാ, ബാക്ഷാ, ഡോ. ജെ. മോസസ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്ന കോൺഫറൻസിൽ നിരവധി സെമിനാറുകളും വർക്ഷോപ്പുകളും കലാസാംസ്കാരിക പരിപാടികളും അരങ്ങേറും.

2013 ൽ രൂപീകൃതമായ ഇന്തോ–അമേരിക്കൻ പ്രസ്ക്ലബിന്റെ മൂന്നാമത് അന്തർദേശീയ സമ്മേളനമാണ് കണക്ടിക്കട്ടിൽ നടക്കുന്നത്. ആദ്യ സമ്മേളനം ന്യൂജേഴ്സിയിലും കഴിഞ്ഞവർഷം ന്യൂയോർക്കിലുമാണ് സമ്മേളനം നടന്നത്. അച്ചടി ദൃശ്യ മാധ്യമരംഗത്തുള്ള ഇന്തോ– അമേരിക്കൻ പത്രപ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തി മാധ്യമ പ്രവർത്തകർക്ക് ഉപകാരപ്രദമായ രീതിയിൽ സമന്വയിപ്പിക്കുന്നതിനുള്ള കൂട്ടായ്മയായാണ് ഇന്തോ– അമേരിക്കൻ പ്രസ്ക്ലബ് (ഐഎപിസി). അമേരിക്കയിലും കാനഡയിലും ഓസ്ട്രേലിയയിലും ഗൾഫിലുമുള്ള മാധ്യമരംഗത്തെ പ്രമുഖർ ഐഎപിസിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. കോൺഫറൻസിലെ പ്രധാന വർക്ഷോപ്പുകളും സെമിനാറുകളും നയിക്കുന്നത് മുഖ്യധാരാ മാധ്യമ പ്രവർത്തകരാണ്.

ചടങ്ങിൽ ഇന്തോ–അമേരിക്കൻ പ്രസ് ക്ലബിന്റെ മികച്ച സാമൂഹ്യ പ്രവർത്തനത്തിനുള്ള സത്കർമ അവാർഡ് തെരുവോരം മുരുകന് നൽകി ആദരിക്കും. അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഫറൻസിൽ ഇരു സ്‌ഥാനാർഥികളുടേയും പ്രതിനിധികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു രാഷ്ര്‌ടീയ സംവാദവും സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ വിവിധ മത്സരങ്ങളിലെ വിജയികളെയും പ്രഗൽഭരായ മാധ്യമ പ്രവർത്തകരെയും ചടങ്ങിൽ ആദരിക്കും. സമ്മേളനത്തിന്റെ ഭാഗമായി സുവനീർ പ്രകാശനവും നടക്കും.

ഒമ്പതിനു നടക്കുന്ന പൊതു സമാപന ചടങ്ങിലും, കലാസാംസ്കാരിക പരിപാടികളിലും ഡിന്നറിലും വിവിധ സാമൂഹ്യ നേതാക്കൾ, അമേരിക്കൻ മാധ്യമ പ്രതിനിധികൾ, കോൺസുലേറ്റ് മേധാവികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഐഎപിസി ബോർഡ് ചെയർമാൻ ജിൻസ്മോൻ സഖറിയ പറഞ്ഞു.

റിപ്പോർട്ട്: ജോൺസൺ പുഞ്ചക്കോണം