സിഎസ്ഐ മധ്യകേരള മഹായിടവക ദ്വിശതാബ്ദി ആഘോഷങ്ങൾക്ക് ന്യൂയോർക്കിൽ പരിസമാപ്തി
Tuesday, October 4, 2016 12:53 AM IST
ന്യൂയോർക്ക്: സിഎംഎസ് മിഷണറി സമൂഹം കേരളത്തിൽ പ്രവർത്തനം ആരംഭിച്ചതിന്റെ ഇരുനൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നോർത്ത് അമേരിക്കയിൽ സംഘടിപ്പിച്ച ദ്വിശാബ്ദി ആഘോഷങ്ങൾ അവിസ്മരണീയമായി. ന്യൂയോർക്കിലെ സീഫോർഡ് സിഎസ്ഐ ഇടവക ആതിഥ്യം അരുളിയ ആഘോഷങ്ങൾ ഉച്ചകഴിഞ്ഞ് നടത്തിയ സ്തോത്ര പ്രാർത്ഥനയോടെ ആരംഭിച്ചു.

സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പും ഡപ്യൂട്ടി മോഡറേറ്ററുമായ ബിഷപ്പ് തോമസ് കെ. ഉമ്മൻ ആരാധനയ്ക്ക് നേതൃത്വം നൽകി. റവ. റോബിൻ ഐപ്പ് മാത്യു, റവ. ബിജു വി. ജോൺ, റവ. വർക്കി തോമസ്, റവ. ബിജോയി സ്കറിയ, റവ. നൈനാൻ ജേക്കബ്, റവ. ജോൺ മത്തായി, റവ. സന്തോഷ് മാത്യു എന്നിവർ സഹകാർമികരായിരുന്നു.

പൊതുസമ്മേളനത്തിനു മുമ്പായി വിശിഷ്ടാതിഥികളെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സമ്മേളന വേദിയിലേക്ക് ആനയിച്ചു. ദേവാലയത്തിനു ചുറ്റുമായി നടന്ന പ്രദക്ഷിണത്തിന് ബിഷപ്പ് തോമസ് കെ. ഉമ്മൻ, സഖറിയാസ് മാർ നിക്കളാവോസ് മെത്രാപ്പോലീത്ത, ആയൂബ് മോർ സിൽവാനോസ് മെത്രാപ്പോലീത്ത, ആർച്ച് ബിഷപ്പ് മാർ തീത്തോസ് എൽദോ, ബിഷപ്പ് അലൻ കെ. ഷിൻ, ആഘോഷ കമ്മിറ്റി കൺവനീനർമാരായ റവ. ബിജു വി. ജോൺ, മാത്യു ജോഷ്വാ, വിവിധ ഇടവകകളിലെ വൈദീകർ എന്നിവർ നേതൃത്വം നൽകി. സ്വീകരണ ഘോഷയാത്രയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തിൽ സി.എസ്.ഐ ഡപ്യൂട്ടി മോഡറേറ്റർ ബിഷപ്പ് തോമസ് കെ. ഉമ്മൻ അധ്യക്ഷനായിരുന്നു.



മലങ്കര ഓർത്തഡോക്സ്, സിറിയൻ സഭയുടെ നോർത്ത് ഈസ്റ്റ് മെത്രാപ്പോലീത്ത ബിഷപ്പ് സഖറിയാസ് മാർ നിക്കളാവോസ്, സിറിയൻ ഓർത്തഡോക്സ് സഭ ആർച്ച് ബിഷപ്പ് തീത്തോസ് മാർ എൽദോ, ക്നാനായ സഭയുടെ ആയൂബ് മാർ സിൽവാനോസ്, എപ്പിസ്കോപ്പൽ സഭ ന്യൂയോർക്ക് സഫ്രഗൻ ബിഷപ്പ് അലൻ കെ. ഷിൻ, എപ്പിസ്കോപ്പൽ സഭയുടെ ബിഷപ്പ് ജോൺ സി. ഇട്ടി, യു.സി.സി കോൺഫറൻസ് മിനിസ്റ്റർ ജെഫ്രി പാമർ, മാർത്തോമാ സഭ ഭദ്രാസന സെക്രട്ടറി റവ ഡെന്നി ഫിലിപ്പ്, സി.എസ്.ഐ നോർത്ത് അമേരിക്കൻ കൗൺസിൽ വൈസ് പ്രസിഡന്റ് റവ. വർക്കി തോമസ് എന്നിവർ സമ്മേളനത്തിൽ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു.

സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന ക്വയർ ഫെസ്റ്റിവലിൽ സിഎസ്ഐ സീഫോർഡ് ഇടവക, സിഎസ്ഐ ജൂബിലി ഇടവക, സിഎസ്ഐ ക്രൈസ്റ്റ് ചർച്ച്, പെൻസിൽവേനിയ ഇമ്മാനുവേൽ സിഎസ്ഐ ഫിലാഡൽഫിയ. റ്റാപ്പൻ സിഎസ്ഐ ചർച്ച് എന്നീ ഇടവകകളുടെ ഗായകസംഘങ്ങൾ ഗാനങ്ങൾ ആലപിച്ചു. ദ്വിശത്ബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ദ്വിശതാബ്ദി ക്വിസ് മത്സരത്തിൽ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കിയ സിഎസ്ഐ ജൂബിലി ഇടവക ന്യൂയോർക്ക്, സിഎസ്ഐ സീഫോർഡ് ഇടവക എന്നിവർക്കുള്ള ട്രോഫികൾ സമ്മേളനത്തിൽ വച്ച് ബിഷപ്പ് തോമസ് കെ. ഉമ്മൻ നൽകുകയുണ്ടായി.

ദ്വിശതാബ്ദി ആഘോഷ കമ്മിറ്റി കൺവീനർ റവ. ബിജു വി. ജോൺ സമ്മേളനത്തിൽ സ്വാഗതം ആശംസിച്ചു. ദ്വിശതാബ്ദി ആഘോഷ കമ്മിറ്റി കൺവീനർമാരായ മാത്യു ജോഷ്വാ (സിഎസ്ഐ സീഫോർഡ്) സമ്മേളനത്തിൽ എംസിയായി പ്രവർത്തിച്ചു. സിഎസ്ഐ സീഫോർഡ് ഇടവക വികാരി റവ. റോബിൻ മാത്യു ഐപ്പ് കൃതജ്‌ഞത രേഖപ്പെടുത്തി, വിഭവസമൃദ്ധമായ ഡിന്നറോടുകൂടി സമ്മേളനത്തിന് തിരശീല വീണു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം