അഭയാർഥി ക്വോട്ട: യൂറോപ്യൻ യൂണിയൻ നിർദേശം ഹംഗേറിയൻ ജനത തള്ളി
Monday, October 3, 2016 8:16 AM IST
ബുഡാപെസ്റ്റ്: അഭയാർഥി ക്വോട്ട നിർദേശം ഹംഗേറിയൻ ജനത ഹിത പരിശോധനയിൽ തള്ളിക്കളഞ്ഞതായി പ്രധാനമന്ത്രി വിക്ടർ ഓർബൻ പ്രഖ്യാപിച്ചു.

യൂറോപ്യൻ യൂണിയനിലെത്തുന്ന അഭയാർഥികളെ അംഗരാജ്യങ്ങൾ ക്വോട്ട അടിസ്‌ഥാനത്തിൽ സ്വീകരിക്കുക എന്ന യൂറോപ്യൻ യൂണിയൻ നിർദേശം സംബന്ധിച്ചായിരുന്നു ഹിതപരിശോധന.

യൂറോപ്യൻ യൂണിയൻ നിർദേശം തള്ളണമെന്നായിരുന്നു ഹംഗേറിയൻ സർക്കാരിന്റെ ഔദ്യോഗിക നിലപാട്. ഇതിനോട് 98 ശതമാനം പേരും യോജിച്ചു എന്നാണ് ഓർബന്റെ വാദം.

അതേസമയം, ആകെ വോട്ടർമാരിൽ 43 ശതമാനം പേർ മാത്രമാണ് ഹിതപരിശോധനയിൽ പങ്കെടുത്തത്. 50 ശതമാനം പേർ വോട്ട് ചെയ്താൽ മാത്രമേ ഹംഗറിയിൽ ഹിതപരിശോധനയ്ക്ക് സാധുതയുള്ളൂ.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ