ക്നാനായ പാരമ്പര്യവും സ്നേഹവും കാത്തു സൂക്ഷിക്കണം: കുര്യാക്കോസ് മോർ സേവറിയോസ്
Monday, October 3, 2016 8:14 AM IST
മെൽബൺ: ചരിത്രത്തിൽ ക്നായി തോമായുടെ സ്‌ഥാനവും സമൂഹ നന്മക്കായി പ്രവർത്തിച്ച മാതൃകയും നാം മറക്കരുതെന്നും സ്നേഹവും സാഹോദര്യവും നമ്മുടെ വിശ്വാസ സമൂഹത്തിൽ പുലർത്തണമെന്നും കുര്യാക്കോസ് മോർ സേവറിയോസ്. മെൽബണിലെ ഫിലിപ്പ് ഐലന്റിൽ ക്നാനായ സമുദായത്തിന്റെ ശക്‌തിയും കരുത്തും വിളിച്ചറിയിച്ചുകൊണ്ട് നാലു ദിവസം നീണ്ടുനിന്ന KCCO യുടെ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെസിസിഒയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അതിന്റെ വിജയമാണ് ഓഷ്യാന കൺവൻഷനിൽ ഇത്രയും ആളുകൾ പങ്കെടുക്കുന്നതെന്നും ഇതിന്റെ ഭാഗഭാക്കാകുവാൻ സാധിച്ചതിൽ താൻ കൃതാർഥനാണെന്നും മാർ സേവറിയോസ് പറഞ്ഞു.

പൈതൃക നഗരിയിൽ എല്ലാ ദിവസവും വിവിധ വൈദികരുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. നാലു ദിവസം നീണ്ടുനിന്ന കൺവൻഷനിൽ ഓഷ്യാനയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ആയിരത്തി അഞ്ഞൂറോളം പേർ പങ്കെടുത്തു. വിവിധ കലാപരിപാടികളുടെ ഭാഗമായി ഓരോ ദിവസവും കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ അണിനിരന്ന കലാവിരുന്ന് ചടങ്ങുകൾക്ക് മാറ്റു കൂട്ടി. പ്രധാനമൽസരങ്ങളായ ചെണ്ടമേളം, മിസ്റ്റർ ക്നാ, മിസ് ക്നാ, ബൈബിൾ അധിഷ്ഠിത ഡാൻസ്, ദമ്പതിമാരുടെ ഡാൻസ്, സ്കിറ്റ് എന്നിവ പ്രധാനമൽസരങ്ങളായിരുന്നു.

സമാപന ദിവസം കാൻബറ, സിഡ്നി, ബ്രിസ്ബേൻ, അഡ്ലൈയ്ഡ്, പെർത്ത്, ന്യൂസിലൻഡ്, സിംഗപ്പൂർ, ന്യൂകാസിൽ, മെൽബൺ, എന്നീ യൂണിറ്റുകളുടെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന റാലിയിലും സമാപന ചടങ്ങുകളിലും വിക്ടോറിയ ആരോഗ്യ മന്ത്രി ജിൽ ഹെന്നിസി മുഖ്യാഥിതിയായിരുന്നു. ചടങ്ങുകൾക്ക് ക്നാനായ കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് ജോയി മുപ്രാപ്പള്ളി, ഗഇഇചഅ പ്രസിഡന്റ് സണ്ണി പൂഴിക്കാല, ഫാ. ടോമി പട്ടുമാക്കൽ, ഫാ. ബൈജു കളപ്പുരയിൽ, ഫാ. ഏബ്രാഹം ഒരാപ്പാങ്കൽ എന്നിവരും സീറോ മലബാർ സഭ മെൽബൺ രൂപതയെ പ്രതിനിധീകരിച്ച് ഫാ. ജോസി കിഴക്കേത്തലയ്ക്കലും പങ്കെടുത്തു.