ഓൺലൈൻ ബാലപീഡനം വർധിക്കുന്നു: യൂറോ പോൾ
Monday, October 3, 2016 4:46 AM IST
ബ്രസൽസ്: ഓൺലൈൻ മുഖേനയുള്ള ബാല പീഡന കേസുകൾ പെരുകി വരുന്നു എന്ന് യൂറോപോളിന്റെ റിപ്പോർട്ട്. ഇത്തരം ക്രിമിനലുകൾ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു പ്രവർത്തിക്കുന്നതിനാൽ പലപ്പോഴും പിടിക്കപ്പെടുന്നില്ല. ഇത്തരക്കാരെ കുടുക്കുന്നതിന് അത്യാധുനിക സാങ്കേതിക വിദ്യകൾ തന്നെ ഉപയോഗപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.

എൻക്രിപ്റ്റ് ചെയ്ത ടൂളുകൾ ഉപയോഗിച്ചാണ് ഓൺലൈൻ ബാലപീഡകരിൽ പലരും പ്രവർത്തിക്കുന്നത്. അതിനാൽ അവരെ കണ്ടെത്താനോ പിടികൂടിയാൽ തന്നെ ശിക്ഷ ഉറപ്പാക്കാനോ ബുദ്ധിമുട്ടുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്.

ദശലക്ഷക്കണക്കിന് കുട്ടികൾ ഇപ്പോൾ ഇന്റർനെറ്റിലെ വിവിധ സേവനങ്ങൾ ഉപയോഗിച്ചു വരുന്ന സാഹചര്യത്തിൽ പീഡനങ്ങൾ വർധിക്കാനുള്ള സാധ്യത മുൻപത്തേക്കാൾ കൂടുതലാണെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.

സാധാരണ കുറ്റകൃത്യങ്ങളെക്കാൾ അധികമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഓൺലൈൻ ബാല പീഡനങ്ങൾ. ചാറ്റ്, ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാനുള്ള സംവിധാനങ്ങൾ തുടങ്ങിയവയാണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ