ഒഎൻവി ഫൗണ്ടേഷൻ രൂപീകരിച്ചു
Monday, October 3, 2016 4:44 AM IST
ദുബായ്: അന്തരിച്ച മലയാളികളുടെ പ്രിയ കവിയും ജ്‌ഞാനപീഠ ജേതാവുമായ ഒഎൻവി കുറുപ്പിന്റെ കലാസാഹിത്യ സംസ്കാരിക രംഗത്തെ സംഭാവനകൾ അന്തർദേശീയ തലത്തിൽ എത്തിക്കുക്കുക എന്ന ലക്ഷ്യത്തോടെ കേരളം ആസ്‌ഥാനമായി ഒഎൻവി ഫൗണ്ടേഷന് രൂപം നൽകി.

ദുബായിൽ നടന്ന ചടങ്ങിൽ ഒഎൻവിയുടെ മകൻ രാജീവ് സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഫൗണ്ടേഷന്റെ ലോഗ പ്രകാശനം രാജീവും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹൻകുമാറും ചേർന്ന് നിർവഹിച്ചു.

ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എല്ലാ വർഷവും ഒഎൻവി അന്തർദേശിയ പുരസ്കാരവും മലയാളത്തിൽനിന്നുള്ള മികച്ച യുവ കവിക്കുള്ള പുരസ്കാരവും സ്കൂൾ വിദ്യാർഥികൾക്കായി ഒഎൻവി കവിതകളുടെ ആലാപന മത്സരവും സംഘടിപ്പിക്കുമെന്ന് ഒഎൻവി ഫൗണ്ടേഷൻ വൈസ് ചെയർമാൻ മച്ചിങ്ങൽ രാധാകൃഷ്ണൻ പറഞ്ഞു.

25 വയസിൽ താഴെയുള്ളവരെയാണ് യുവകവി പുരസ്കാരത്തിനായി പരിഗണിക്കുക. യുഎഇയിലെ ഹൈസ്കൂൾ തലം മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കായാണ് ഒഎൻവി കവിതകളുടെ ആലാപന മത്സരത്തിൽ പങ്കെടുക്കാനർഹത. ഒഎൻവിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് 2017 ഫെബ്രുവരി 17ന് ദുബായിലാണ് ഫൗണ്ടേഷന്റെ ആദ്യ പുരസ്കാരദാന സമ്മേളനം നടക്കുക.

എൻ.എസ്. ജ്യോതികുമാർ (ചെയർമാൻ, മച്ചിങ്ങൽ രാധാകൃഷ്ണൻ (വൈസ് ചെയർമാൻ), മോഹൻ ശ്രീധരൻ (സെക്രട്ടറി), റോബർട്ട് ബഞ്ചമിൻ (ജോ. സെക്രട്ടറി), ആന്റണി ജോസഫ് (ട്രഷറർ) എന്നിവരടങ്ങിയ 18 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. സുഗതകുമാരി ടീച്ചർ, ഡോ. ജോർജ് ഓണക്കൂർ, പ്രഫ. വി. മധുസൂദനൻ നായർ, ഡോ. കെ. ജയകുമാർ ഐഎഎസ്, രാജീവ് ഒഎൻവി, കബീർ ജലാലുദ്ദീൻ എന്നിവർ ഉപദേശക സമിതി അംഗങ്ങളാണ്.

വാർത്താസമ്മേളനത്തിൽ രാജീവ് ഒഎൻവി, മോഹൻ ശ്രീധരൻ, ആന്റണി ജോസഫ് എന്നിവരും പങ്കെടുത്തു.

വിവരങ്ങൾക്ക്: 055 568 6600

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള