സൗദിയിൽ വീസ ഫീസ് വർധനവ്: ഒക്ടോബർ രണ്ടു മുതൽ നിലവിൽവരും
Saturday, October 1, 2016 8:05 AM IST
ദമാം: കുടുംബങ്ങളെ കൊണ്ടുവരുന്നതുൾപ്പടെയുള്ള സന്ദർശക വീസക്ക് ഒക്ടോബർ രണ്ടു (ഞായർ) മുതൽ രണ്ടായിരം റിയാൽ ഫീസ് നൽകണം. എന്നാൽ തൊഴിൽ വീസകൾക്കു നിലവിലുള്ള രണ്ടായിരം റിയാൽ തന്നെ തുടരും.

അതേസമയം ആറു മാസ കാലാവധിയുള്ള മൾട്ടിപ്പിൾ എക്സിറ്റ് റീ എൻട്രി വിസിറ്റിംഗ് വീസ ഫീസ് മൂവായിരം റിയാലായി വർധിക്കും. ഇതിന് ഒരു വർഷത്തേക്ക് 5000 റിയാലും രണ്ടു വർഷത്തേക്ക് 8000 റിയാലുമാണ് പുതിയ ഫീസ്.

സന്ദർശന വീസകളിലെത്തിയശേഷം പിന്നീട് വീസ കാലാവധി നീട്ടുന്നതിനും പുതിയ ഫീസ് ബാധകമായിരിക്കും. ട്രാൻസിസ്റ്റ് വീസക്ക് 300 റിയാലും തുറമുഖം വഴിയുള്ള യാത്രയ്ക്ക് 50 റിയാലും ഇനി നൽകണം.

വിദേശികൾക്ക് രാജ്യത്തിന് പുറത്തു പോകുന്നതിനുള്ള എക്സിറ്റ് റീ എൻട്രി വീസക്ക് നിലവിലുള്ള 200 റിയാൽ നൽകിയാൽ മതി. എന്നാൽ ഇതിന്റെ കാലാവധി രണ്ടു മാസമായിരിക്കും. പിന്നീടുള്ള ഓരോ മാസത്തിനും നൂറു റിയാൽ അധികം നൽകണം. അധിക തുക നൽകിയാൽ ഇഖാമയുടെ കാലാവധി വരെ റീ എൻട്രി വീസ അനുവദിക്കും.

നേരത്തെ 500 റിയാൽ നൽകിയാൽ ആറു മാസം ലഭിച്ചിരുന്ന മൾട്ടിപ്പിൾ എക്സിറ്റ് റീ എൻട്രി വീസ ഇനീം മൂന്ന് മാസത്തേയ്ക്കു മാത്രമേ ലഭിക്കു. പിന്നീടുള്ള ഓരോ മാസത്തിനും 200 റിയാൽ വീതം അധികം നൽകണം.

ആദ്യമായി ഹജ്‌ജും ഉംറയും നിർവഹിക്കുന്നവർക്കു വീസ ഫീസ് നൽകേണ്ടതില്ല. എന്നാൽ പിന്നീടുള്ള ഹജ്‌ജ്, ഉംറ വീസകൾക്കു രണ്ടായിരം റിയാൽ വീതം നൽകണം.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം