റോഷി അഗസ്റ്റ്യന് ബല്ലാരറ്റിൽ സ്വീകരണം നൽകി
Saturday, October 1, 2016 4:46 AM IST
മെൽബൺ: കേരള കോൺഗ്രസ്–എം നേതാവും ഇടുക്കി എംഎൽഎയുമായ റോഷി അഗസ്റ്റ്യന് ബല്ലാരറ്റിൽ രാഷ്ര്‌ടീയ ഭേദമന്യേ മലയാളി സമൂഹം സ്വീകരണം നൽകി.

പൊതുപ്രവർത്തനം കക്ഷിരാഷ്ര്‌ടീയത്തിന് അതീതവും മൂല്യാധിഷ്ഠിതവുമായിരിക്കണമെന്ന് അഭിപ്രായപ്പെട്ട റോഷി അഗസ്റ്റിൻ, ഇടുക്കി മണ്ഡലത്തിൽ കൊണ്ടുവരേണ്ട വികസന പ്രവർത്തനങ്ങളെക്കുറിച്ച് യോഗത്തിൽ സംബന്ധിച്ചവരോട് അഭിപ്രായങ്ങളാരാഞ്ഞു. ഭിന്ന ശേഷിയുള്ളവർക്കുവേണ്ടി വിദ്യാർഥികളുടെ സഹകരണത്തോടെ നടത്തിയ മത്സരങ്ങളെക്കുറിച്ച് വിശദീകരിച്ചു. വിദ്യാർഥികളെ ഉപയോഗിച്ച് ശുചീകരണ പ്രവർത്തനങ്ങളും ആരോഗ്യപരിപാലനവും നടത്തുക വഴി ഉത്തരവാദിത്വ ബോധമുള്ള ഒരു തലമുറയെ സൃഷ്‌ടിക്കുവാൻ കഴിയുമെന്നും തുടർന്നും അതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയൻ ആരോഗ്യ, ടൂറിസം മേഖലകളെ മാതൃകയാക്കി ഇടുക്കിയിൽ ആരോഗ്യ മേഖലയിൽ മാറ്റങ്ങൾ വരുത്താനും ഹിസ്റ്റോറിക്കൽ ടൂറിസം വികസിപ്പിച്ചെടുക്കുവാനും ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഊർജ സ്വയം പര്യാപ്തതയിലൂടെ മാത്രമേ കാർഷിക മേഖലയിൽ കുറഞ്ഞ ചെലവിൽ കൂടുതൽ ഉത്പാദനം സാധ്യമാകൂ എന്നും അതിനായി പാരമ്പര്യേതര ഊർജ പദ്ധതികളെ കൂടുതൽ ആശ്രയിക്കണമെന്നു അഭിപ്രായപ്പെട്ട റോഷി അഗസ്റ്റിൻ, തിരക്കുകൾക്കിടയിലും തന്നോടൊപ്പം സമയം ചെലവിടുവാൻ എത്തിയ എല്ലാ ബല്ലാരറ്റ് മലയാളികളേയും അഭിന്ദിച്ചു.

സെപ്റ്റംബർ 28ന് വൈകുന്നേരം കനേഡിയൻ ലേക്സിൽ നടന്ന സ്വീകരണ യോഗത്തിൽ സിജോ ജോർജ് ഈന്തനാംകുഴി അധ്യക്ഷത വഹിച്ചു. ടോബിൻ അലക്സ്, ബല്ലാരറ്റ് മലയാളി കൂട്ടായ്മ പ്രസിഡന്റ് മോഹനൻ നായർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഫാ. സാജൻ എഴുനൂറ്റിൽ, സിജോ കാരിക്കൽ മാണി, ജലേഷ് കൊട്ടാരത്തിൽ, നെൽസൺ സേവ്യർ എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: ലോകൻ രവി