യുക്മ കലാമേളകൾക്ക് ഇന്ന് തിരി തെളിയും; ആദ്യ കലാമേള യോർക് ഷെയർ ആൻഡ് ഹംബർ റീജണിൽ
Saturday, October 1, 2016 4:46 AM IST
ലണ്ടൻ: യുക്മ ഏഴാമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി രാജ്യത്തിന്റെ ഏഴ് കേന്ദ്രങ്ങളിൽ നടക്കുന്ന റീജണൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. യോർക്ക് ഷെയർ ആൻഡ് ഹംബർ റീജണിലാണ് ആദ്യ റീജണൽ കലാമേള.

വേക് ഫീൽഡിലെ കെറ്റിൽ ത്രോപ് ഹൈസ്കൂളിൽ രാവിലെ 10ന് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. ഫ്രാൻസിസ് കവളക്കാട്ടിൽ കലാമേള ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ യുക്മ നാഷണൽ വൈസ് പ്രസിഡന്റും കലാമേള ദേശീയ ജനറൽ കൺവീനറുമായ മാമ്മൻ ഫിലിപ്പ് മുഖ്യാതിഥിയായിരിക്കും. യുക്മ റീജണൽ പ്രസിഡന്റ് അലക്സ് ഏബ്രാഹം അധ്യക്ഷത വഹിക്കും. നാഷണൽ ജോയിന്റ് ട്രഷറർ ഏബ്രഹാം ജോർജ് സംസാരിക്കും.

മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ അവസാനിച്ചപ്പോൾ 41 ഇനങ്ങളിലായി 215 മത്സരങ്ങൾ നടക്കുമെന്ന് ഉറപ്പായി. മൂന്ന് സ്റ്റേജുകളിലായി നടക്കുന്ന മത്സരങ്ങളുടെ അവസാനവട്ട ക്രമീകരണങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നതായി റീജണൽ സെക്രട്ടറി വർഗീസ് ഡാനിയൽ, കലാമേള കൺവീനർ സജിൻ രവീന്ദ്രൻ എന്നിവർ അറിയിച്ചു.

കലാമേളയിൽ ഏറ്റവും കൂടുതൽ പോയന്റ് ലഭിക്കുന്ന അസോസിയേഷന് കെ.ജെ. ജോർജ് കണ്ണംകുളം മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും രണ്ടാം സ്‌ഥാനക്കാർക്ക് ഏബ്രഹാം ജോർജ് സ്പോൺസർ ചെയ്യുന്ന മിസിസ് ആൻഡ് മിസ്റ്റർ വി.എ. ജോർജ് വാരമണ്ണിൽ എവർറോളിംഗ് ട്രോഫിയും സമ്മാനിക്കും. കലാമേളയുടെ വിജയത്തിനായി യുക്മ നാഷണൽ കമ്മറ്റി അംഗം സോജൻ ജോസഫ്, ആതിഥേയ അസോസിയേഷനായ വേക് ഫീൽഡ് അസോസിയേഷന്റെ പ്രതിനിധികളായ സാബു മാടശേരി, അഭിലാഷ് നന്ദികാട്ട്, ടോം കോലഞ്ചേരി, സാജൻ സത്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

യുക്മ കലാമേളകൾ വൻവിജയമാക്കുവാൻ എല്ലാ യുകെ മലയാളികളും മുന്നോട്ടു വരണമെന്ന് യുക്മ ദേശീയ കമ്മിറ്റി അഭ്യർഥിച്ചു.

കലാമേള നടക്കുന്ന നഗറിന്റെ വിലാസം: Kettlethrope High School, Communtiy Learning Cetnre, Standbridge Lane, Sandal, Wakefield - WF2 7E.

dnt¸mÀ«v: A\ojv tPm¬

റിപ്പോർട്ട്: അനീഷ് ജോൺ