ന്യൂസിലാന്റിൽ ക്നാനായ ഇടവകക്ക് ഔദ്യോഗിക തുടക്കം
Saturday, October 1, 2016 1:04 AM IST
ഓക്ലാൻഡ് : ന്യൂസിലാന്റിലെ ക്നാനായ കുടുംബങ്ങളുടെ ചിരകാലാഭിലാഷമായിരുന്ന ക്നാനായ ഇടവകക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. ക്നാനായ അതിഭദ്രാസനാധിപൻ അർച്ച് ബിഷപ്പ് കുര്യോക്കോസ് മോർ സേവേറിയോസ് തിരുമേനിയാണ് ന്യൂസീലാന്റിലെ പ്രഥമ ക്നാനായ ഇടവകയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അഭിവന്ദ്യ പിതാവിന്റെ മുഖ്യകാർമികത്തിൽ വിശുദ്ധബലി അർപ്പിക്കുകയും തുടർന്ന് ഫാ. ജയിംസ് തോട്ടത്തിലിന്റെ ആധ്യക്ഷതയിൽ കുടുംബാംഗങ്ങൾ പങ്കെടുത്ത വിപുലമായ പൊതുസമ്മേളനവും നടന്നു. തുടർന്നു ന്യൂസിലാന്റ് കനാനായ സിറിയൻ ഇടവകയുടെ പ്രഖ്യാപനവും പരിശുദ്ധ പിതാവ് നിർവഹിച്ചു.

സോമൻ മാത്യു സ്വാഗതവും സണ്ണി ജേക്കബ് നന്ദിയും പറഞ്ഞു. സെന്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് ഇടവക വികാരി റോബിൻ ഡാനിയേൽ, ക്നാനായ കാത്തലിക്ക് അസോസിയേഷൻ പ്രസിഡന്റ് ജിമ്മി മാത്യൂ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്താ തിരുമനസുകൊണ്ടു നടത്തിയ മുഖ്യ പ്രഭാഷണത്തിൽ ക്രിസ്തീയ വിശ്വാസത്തിന്റെ പ്രസക്‌തിയും പരസ്പര സ്നേഹത്തിന്റെ അവശ്യകതയും ഓർമപ്പെടുത്തി. ഹ്രസ്വ സന്ദർശനത്തിനായി എത്തിയ അഭിവന്ദ്യ മെത്രാപൊലീത്ത കുര്യോക്കോസ് മോർ സേവേറിയോസ് തിരുമേനിക്ക് ഓക്ലാൻഡ് എയർപോർട്ടിൽ ക്നാനായ യാക്കോബായ അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയിരുന്നു.

റിപ്പോർട്ട്: സുജിത്ത് കൊന്നക്കൽ