വിദേശ ഡ്രൈവർമാർക്ക് ടോൾ: യൂറോപ്യൻ യൂണിയൻ നിയമ നടപടി തുടങ്ങി
Friday, September 30, 2016 8:40 AM IST
ബർലിൻ: വിദേശ രജിസ്ട്രേഷനുള്ള വാഹനങ്ങൾക്ക് ജർമൻ ദേശീയ പാതകളിൽ ടോൾ ഏർപ്പെടുത്തിയ വിഷയം കോടതിയിലേക്ക്. യൂറോപ്യൻ യൂണിയനാണ് തീരുമാനത്തിനെതിരേ നിയമ നടപടി ആരംഭിച്ചിരിക്കുന്നത്.

യൂറോപ്യൻ യൂണിയൻ അനുശാസിക്കുന്ന തുല്യതാ നിയമങ്ങളുടെ ലംഘനമാണിതെന്നും ഇതര യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള വാഹനങ്ങൾക്കെതിരായ വിവേചനമായേ ഇതിനെ കാണാൻ കഴിയൂ എന്നുമാണ് യൂണിയന്റെ നിരീക്ഷണം.

അതേസമയം, വിദേശികളിൽ നിന്നു മാത്രമല്ല, ജർമൻകാരിൽനിന്നും ടോൾ ഈടാക്കുന്നു എന്നാണ് ജർമനിയുടെ വാദം. എന്നാൽ, റോഡ് ടാക്സ് ഈടാക്കുമ്പോൾ ഈ തുക കിഴിച്ചു നൽകി ജർമനി യഥാർഥത്തിൽ തുല്യതാ ചട്ടം ബോധപൂർവം അതിലംഘിക്കുകയാണെന്ന് മറുപക്ഷവും വാദിക്കുന്നു.

വർഷത്തേക്ക് 130 യൂറോ വരെയാണ് ടോൾ ഈടാക്കുന്നത്. ജർമൻകാർക്കു മാത്രമാണ് ഈ തുകയിൽ കിഴിവു ലഭിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ