കൊമേഴ്സ് ബാങ്ക് പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടും
Friday, September 30, 2016 8:39 AM IST
ബർലിൻ: ജർമനിയിലെ രണ്ടാമത്തെ വലിയ ലെൻഡറായ കോമേഴ്സ് ബാങ്ക് 2020 ആകുന്നതോടെ 9600 ജീവനക്കാരെ പിരിച്ചുവിടും. ആകെ ജീവനക്കാരുടെ അഞ്ചിലൊന്നോളം വരും ഈ സംഖ്യ.

1.1 ബില്യൻ യൂറോ ലാഭിക്കാനുള്ള പുനഃസംഘടനയുടെ ഭാഗമാണ് കടുത്ത നടപടി. അതേസമയം, ഈ നിർദേശത്തിന് ഇനിയും സൂപ്പർവൈസറി ബോർഡിന്റെ അംഗീകാരം ലഭിച്ചിട്ടില്ല.

യൂറോസോണിൽ തുടരുന്ന കുറഞ്ഞ പലിശ നിരക്കാണ് മറ്റു ജർമൻ ബാങ്കുകളെ പോലെ കൊമേഴ്സ്ബാങ്കിനെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കടുത്ത നിയന്ത്രണങ്ങളും ശക്‌തമായ മത്സരവും ഡിജിറ്റൽ മേഖലയുടെ കടന്നുവരവും കൂടിയായപ്പോൾ പല ബാങ്കുകളും പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ