‘പ്രതിഷേധത്തെ യുദ്ധക്കളമാക്കരുത്’
Friday, September 30, 2016 8:29 AM IST
ജിദ്ദ: കുത്തനെ ഉയർത്തിയ സ്വാശ്രയ ഫീസിനെതിരെയും തലവരി പണത്തിനെതിരെയും പ്രതിഷേധിക്കുന്ന കെഎസ്യു, യൂത്ത് കോൺഗ്രസ് സമരത്തെ ചോരക്കളമാക്കി മാറ്റരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സ്വബോധത്തോടെ നിയമ സഭയിൽ പെരുമാറണമെന്നും ഒഐസിസി ജിദ്ദ കമ്മിറ്റി ആവശപ്പെട്ടു.

ജനാധിപത്യ പ്രക്രിയയിൽ പ്രതിഷേധിക്കാനും സമരം നടത്താനും അവകാശമുണ്ടെന്നും അതിനെതിരെ പ്രതികരിക്കുന്നവർ 1967 കൾ ഓർക്കണമെന്നും സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് എല്ലാവിധ ഒത്താശയും നൽകി തലവരി പണം പിരിച്ചു കമ്മീഷൻ വാങ്ങുന്ന പിണറായി സർക്കാർ ‘എല്ലാം ശരിയാവും’ എന്ന മന്ത്രമാണ് സാധാരണക്കാരന് നൽകുന്നതെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

യോഗത്തിൽ പ്രസിഡന്റ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് വിപുലമായി ആഘോഷിക്കുവാനും ഒക്ടോബർ ഏഴിന് (വെള്ളി) രാത്രി എട്ടിന് ഷിഫാ ജിദ്ദാ ക്ലിനിക് ഓഡിറ്റോറിയത്തിൽ ഹജ്‌ജ് വോളന്റിയർമാരെ ആദരിക്കുവാനും തീരുമാനിച്ചു.

ജോഷി വർഗീസ്, ഷുക്കൂർ വക്കം, മുജീബ് തൃത്താല, അലി തേക്കുതോട്, നാസിമുദ്ദീൻ, ബഷീർ പരുത്തികുന്നൻ, സഹീർ മാഞ്ഞാലി, ഇസ്മായിൽ ചോക്കാട്, സാക്കിർ ഹുസൈൻ എടവണ്ണ, ശ്രീജിത് കണ്ണൂർ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ