സഭയുടെ മഹത്വം മാലോകർക്ക് പകർന്നു ഫാ. ജിൻസൺ മുട്ടത്തിക്കുന്നേൽ
Wednesday, September 28, 2016 6:07 AM IST
ലണ്ടൻ: ചെസ്റ്ററിലെ യുവവൈദികൻ വൃക്കദാനത്തിലൂടെ നൽകുന്നത് മാനവ സ്നേഹത്തിന്റെ പുതിയ സന്ദേശം. കപ്പൂച്ചിൻ സഭാംഗമായ ഫാ. ജിൻസൺ മുട്ടത്തിക്കുന്നേലാണ് വൃക്ക ദാനം ചെയ്തത്.

കഴിഞ്ഞ ഒമ്പതു മാസമായി വിവിധ ടെസ്റ്റുകളും വൃക്കദാനത്തിനുള്ള നടപടികളുടെയും തിരക്കിലായിരുന്നു ഫാ. ജിൻസൺ. എല്ലാം ശരിയായപ്പോൾ ആർക്കാണ് വൃക്ക നൽകുന്നത് എന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു മറുപടി. ദേശവും ഭാഷയും അറിയാത്ത ഒരാൾക്കു വേണ്ടി ജീവന്റെ അംശം പകുത്തു നൽകുന്നതിലും വലുതായി എന്തുണ്ട് എന്നു ചിന്തിക്കുക വഴി അവയവ ദാനത്തിന്റെ മഹാ സന്ദേശവുമായി അനേകർക്ക് ക്രിസ്തീയ മൂല്യങ്ങൾ പകർന്നു നൽകിയ ഫാ. ഡേവിസ് ചിറമ്മലും പാലാ രൂപത മെത്രാൻ ജേക്കബ് മുരിക്കനും ശേഷം സഭാ ചരിത്രത്തിൽ ഇടംപിടിക്കുകയാണ് ഫാ. ജിൽസൺ.

യുകെയിലെ ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ കൗൺസിലിംഗിൽ ഉപരിപഠനം നടത്തുന്ന കണ്ണൂർ സ്വദേശിയാണ് ഫാ. ജിൻസൺ മുട്ടത്തികുന്നേൽ. 2008 ലാണ് ഇദ്ദേഹം വൈദിക പട്ടം സ്വീകരിച്ചത്.

കഴിഞ്ഞ ഒരു വർഷമായി യുകെയിലുള്ള അച്ചന്റെ ശസ്ത്രക്രിയ ചൊവ്വാഴ്ച ലിവർപൂൾ റോയൽ ആശുപത്രിയിൽ നടന്നു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ