ഖത്തറിലെത്തുന്ന എല്ലാ യാത്രക്കാർക്കും ട്രാൻസിറ്റ് വീസ
Wednesday, September 28, 2016 6:06 AM IST
ഫ്രാങ്ക്ഫർട്ട്: ഖത്തറിലെത്തുന്ന എല്ലാ യാത്രക്കാർക്കും ഇനി മുതൽ ട്രാൻസിറ്റ് വീസ അനുവദിക്കും. ഖത്തറിലുടെ മറ്റു രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവർക്കാണ് നാലു ദിവസത്തെ സൗജന്യ ട്രാൻസിറ്റ് വീസ നൽകുന്നത്.

ഖത്തറിന്റെ വിനോദ സഞ്ചാരമേഖലയ്ക്ക് ഉണർവു നൽകാനാണ് പുതിയ തീരുമാനം. ദോഹ വഴി ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനിടെ അഞ്ചു മണിക്കൂറിൽ കൂടുതൽ രാജ്യത്ത് തങ്ങേണ്ടി വരുന്ന എല്ലാ യാത്രക്കാർക്കും നാലു ദിവസം കാലാവധിയുള്ള വീസ അനുവദിക്കാനാണ് തീരുമാനം. ഇതിനു മുൻകൂർ അപേക്ഷിക്കേണ്ടതില്ലെന്നും എല്ലാ രാജ്യക്കാർക്കും ഈ ആനുകൂല്യം ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

എട്ടു മണിക്കൂറിൽ കൂടുതൽ സ്റ്റോപ്പ് ഓവർ ഉള്ള യാത്രക്കാർക്ക് മാത്രമാണ് നേരത്തെ രണ്ടു ദിവസത്തെ വീസ അനുവദിച്ചിരുന്നത്. ഇതാണ് നാലു ദിവസമായി വർധിപ്പിച്ച് എല്ലാ രാജ്യക്കാരെയും ഓൺ അറൈവൽ വീസയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാത്രവുമല്ല വീസ ഫീസ് നീക്കം ചെയ്തതും വിനോദ സഞ്ചാരികൾക്ക് ഗുണകരമാവും. യാത്രക്കാർ വിമാനത്താവളത്തിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ നാലു ദിവസത്തേക്കുള്ള വീസ അപ്പോൾ തന്നെ അനുവദിക്കും.

എന്നാൽ വീസ അനുവദിക്കുന്നതിനുള്ള പൂർണ അധികാരം ആഭ്യന്തര മന്ത്രാലയത്തിനായിരിക്കും. ഖത്തർ ടൂറിസം അതോറിറ്റി, ഖത്തർ ആഭ്യന്തര മന്ത്രാലയം, ഖത്തർ എയർവേയ്സ് എന്നിവയുടെ സഹകരണത്തോടെയാണ് വീസ നടപടികൾ ലഘൂകരിച്ചത്.

റിപ്പോർട്ട്: ജോർജ് ജോൺ