ഫിലാഡൽഫിയ ശ്രീനാരായണ അസോസിയേഷന്റെ ഗുരു ജയന്തിയും ഓണാഘോഷവും വിജയമായി
Wednesday, September 28, 2016 2:27 AM IST
ഫിലാഡൽഫിയ: ഫിലാഡൽഫിയ ശ്രീനാരായണ അസോസിയേഷന്റെ ആഭിമുഖ്യയത്തിൽ 162–മത് ശ്രീനാരായണ ഗുരുദേവ ജയന്തിയും ഓണാഘോഷവും വൈവിധ്യമാർന്ന പരിപാടികളോടുകൂടി ആഘോഷിച്ചു. ഘോഷയാത്രയിൽ കേരളീയ വസ്ത്രം അണിഞ്ഞു താലപ്പൊലിയേന്തിയ വനിതകൾ, വാദ്യമേളങ്ങൾ , പീതപതാകകൾ, മുത്തുക്കുടകൾ, കസവ്വേഷ്‌ടി അണിഞ്ഞ പുരുഷ സമൂഹം എന്നിവയുടെ അകമ്പടിയോടെ ഗുരുദേവ ചിത്രം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സമാപിച്ചത് ആഘോഷം നടക്കുന്ന ട്രിനിറ്റി ഹാളിൽ ഒരുക്കിയ വർണമനോഹരമായ അത്തപ്പൂ സവിധത്തിലാണ്.

തുടർന്ന് പ്രസിഡന്റ് ശ്രീനിവാസൻ ശ്രീധരെൻറ അധ്യക്ഷധയിൽ നടന്ന ജയന്തി ഓണം സാംസ്കാരിക സമ്മേളനം ബോധിതീർത്ഥ സ്വാമികൾ ഉത്ഘടനം ചെയ്തു. മുഖ്യാതിഥിയായി പങ്കെടുത്ത ഡിസ്ട്രിക് ജഡ്ജ് ഹോൺ. ഹാരി ജെ. കെ മുഖ്യ പ്രഭാഷണം നടത്തി. പിന്നീട് പ്രഫ. കോശി തലക്കൽ, ഡോ . നിഷ പിള്ള എന്നിവർ നടത്തിയ പ്രസംഗങ്ങൾ അതീവ ശ്രദ്ധേയമായിരുന്നു. മറ്റുസ്റ്റേറ്റ്കളിൽ നിന്നെത്തിയ സംഘടനാ ഭാരവാഹികൾ, ഫിലാഡൽഫിയ ശ്രീനാരായണ അസ്സോസ്സിയേഷൻ അംഗങ്ങൾ മുതൽ പേരുടെ പ്രസംഗങ്ങൾ തുടർന്ന് നടന്നു. സമ്മേളനാനന്തരം നടന്ന വിഭവസമൃദ്ധമായ ഓണസദ്യ വാഴയിലയിൽ വിളമ്പി. ഉച്ചക്ക് ശേഷം നടന്ന വിവിധ കലാപരിപാടികൾക്ക് മിഴിവും മികവുമേകിയതു സർവ്വാഭരണ വിഭൂഷിതനായി ഓണച്ചമയം, കഥകളിച്ചമയങ്ങൾ, പലതരം വേഷച്ചാർത്തോടെ പ്രേത്യക്ഷരായ അനുചരവൃന്ദം മുതലായവയാൽ പരിസേവിതനായി എഴുന്നള്ളിവന്ന മാവേലിത്തമ്പുരാന്റെ ദർശന സുകൃതത്തോടെയാണ്.



തിരുവാതിര, പലതരം ശാസ്ത്രീയ നൃത്തരൂപങ്ങൾ, ശ്രീനാരായണ അസ്സോസ്സിയേഷൻ അംഗങ്ങളായ ബാലികമാർ അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസുകൾ, മറ്റ് സിനിമാറ്റിക് ഡാൻസുകൾ, സിനിമ പിന്നണി ഗായകരായ കാർത്തിക, ശബരിനാഥ് എന്നിവരുടെ ഗാനമേള എന്നിവ പിന്നീട് നടന്നു. തുടർന്നു പ്രമുഖ ആർട്ടിസ്റ് മോഹൻ പ്ലാവിള അവതരിപ്പിച്ച ശ്രീനാരായണ ചരിതം കഥകളി കാണികളുടെ പ്രശംസക്ക് പാത്രീഭൂതമായി. ആദ്യാവസാനം പരിപാടികളിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും അത്യന്തം വിനോദകരമായ ഒരു അവിസ്മരണീയ കലാസന്ധ്യ സമ്മാനിച്ച ഫിലാഡൽഫിയ ശ്രീനാരായണ അസ്സോസ്സിയേഷൻ ഭാരവാഹികളെ ഏവരും മുക്‌തകണ്ഠം പ്രശംസിച്ചു.

പ്രസിഡന്റ് ശ്രീനിവാസൻ ശ്രീധരൻ, ജനറൽ സെക്രട്ടറി ഡോ. ജെയ്മോൾ ശ്രീധർ, ട്രഷറർ മ്യൂണിക് ഭാസ്കർ എന്നിവർ അടങ്ങുന്ന ടീം ആണ് പരിപാടികൾ സംവിധാനം ചെയ്തതും നേതൃത്വം വഹിച്ചതും.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ