ഇംഗ്ലണ്ടിന്റെ ഹൃദയമായ ബർമിംഗ്ഹാം സീറോ മലബാർ സഭയുടെയും ഹൃദയം: മാർ ജോസഫ് സ്രാമ്പിക്കൽ
Wednesday, September 28, 2016 2:03 AM IST
ബർമിംഗ്ഹാം: ഇംഗ്ലണ്ടിന്റെ ഹൃദയമായ ബർമിംഗ്ഹാം തന്നെയായിരിക്കും സീറോ മലബാർ സഭയുടെ ഹൃദയമെന്നും ബർമിംഗ്ഹാം ചാപ്ലിയൻസിയുടെ പ്രവർത്തനം മറ്റു മേഖലകളിലുള്ളവർക്കും മാതൃകയാണെന്നും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയുടെ നിയുക്‌ത മെത്രാൻ മാർ സ്രാമ്പിക്കൽ. ബർമിംഗ്ഹാം അതിരൂപത പരിധിയിലെ ആയിരക്കണക്കിന് സീറോ മലബാർ സഭ വിശ്വാസികളെ സാക്ഷിനിർത്തി സീറോ മലബാർ സഭ ചാപ്ലിയൻസിയുടെ ഏഴാമത് സീറോ മലബാർ സഭ കൺവൻഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം അനുസരിച്ച് ബിഷപ് ഹൗസിന്റെ അതിർവരമ്പുകൾ വിട്ട് വിശ്വാസികളുടെ ഭവനങ്ങളിലേക്ക് ഇറങ്ങിവരുവാനും അവരോടൊത്ത് പ്രവർത്തിക്കുവാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്. വളർന്നുവരുന്ന തലമുറയെ വിശ്വാസ ജീവിതത്തെക്കുറിച്ച് പഠിപ്പിക്കുന്നതിനും അതിന് മതബോധനാധ്യപകർ ഉത്സാഹിക്കണമെന്നും മാർ സ്രാമ്പിക്കൽ വിശ്വാസികളെ ഓർമിപ്പിച്ചു.

നേരത്തെ ദേവാലയത്തിലെത്തിയ നിയുക്‌ത മെത്രാനെ കാത്തലിക് യൂത്ത് മൂവ്മെന്റ് സ്റ്റോക് ഓൺ ട്രെൻഡിലെ യുവാക്കളുടെ ബാന്റുമേളത്തിന്റെ അകമ്പടിയോടെ സ്വീകരണം നൽകി. രൂപത അടിസ്‌ഥാനത്തിൽ ഓരോ മാസ് സെന്ററിലും ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയ കുട്ടികൾക്ക് മെരിറ്റ് മോണിംഗിൽ പിതാവ് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. തുടർന്നു നടന്ന ആഘോഷമായ ദിവ്യബലിയിൽ മാർ സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിച്ചു. പൊതുസമ്മേളനം നിയുക്‌ത ബിഷപ് ഉദ്ഘാടനം ചെയ്തു. ബർമിംഗ്ഹാം അതിരൂപത വികാരി ജനറാൾ മോൺ. തിമോത്തി മെനസിസ് മുഖ്യപ്രഭാഷണം നടത്തി. ഫാ. ജയസ്ൺ കരിപ്പായി അധ്യക്ഷത വഹിച്ചു. സീറോ മലബാർ ചാപ്ലിൻ ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ, ഫാ. വിൽഫ്രഡ് പെരേപ്പാടൻ, ഫാ. സോജി ഓലിക്കൽ, സിസ്റ്റർ മിനി കരോലിൻ, മരിയ ജോയ്, കോഓർഡിനേറ്റർ ഡോ. മനോ ജോസഫ്, കൺവൻഷൻ ജനറൽ കൺവീനർ ബെന്നി പെരിയപുറം, സെക്രട്ടറി ജോയ് മാത്യു എന്നിവർ സംസാരിച്ചു.

തുടർന്ന് 14 മാസ് സെന്ററുകളിൽനിന്നുള്ള കുട്ടികളുടെയും മുതിർന്നവരുടേയും വിവിധ കലാപരിപാടികളും സ്റ്റെച്ച് ഫോർഡ് മാസ് സെന്റർ അവതരിപ്പിച്ച ‘പദയാത്ര’ എന്ന സ്വാഗത നൃത്തവും അരങ്ങേറി.