ഹഡ്സൺവാലി മലയാളി അസോസിയേഷൻ തിരുവോണം ആഘോഷിച്ചു
Tuesday, September 27, 2016 8:00 AM IST
ന്യൂയോർക്ക്: റോക്ലന്റിലെ മലയാളികളുടെ സംഘടനയായ ഹഡ്സൺവാലി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ തിരുവോണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

സെപ്റ്റംബർ 24ന് രാവിലെ 11 മുതൽ വെസ്റ്റ് ന്യായക്കിലുള്ള റിഫോംഡ് ചർച്ച് ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷ പരിപാടികൾ. ഓണസദ്യക്കുശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ മഹാബലിയെ വേദിയിലേക്ക് ആനയിച്ചു. മഹാബലിയായി വേഷമിട്ട തമ്പി പനയ്ക്കൽ ഓണാശംസകൾ നേർന്നു. തുടർന്ന് പ്രസിഡന്റ് അലക്സാണ്ടർ പൊടിമണ്ണിൽ, സെക്രട്ടറി അജിൻ ആന്റണി, ട്രഷറർ ചെറിയാൻ ഡേവിഡ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജ് താമരവേലിൽ, മഹാബലിയായി വേഷമിട്ട തമ്പി പനയ്ക്കൽ, ഫൊക്കാനയെ പ്രതിനിധീകരിച്ചു ഫിലാഡൽഫിയയിൽ നിന്നെത്തിയ സുധാ കർത്ത എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. ഡോ. തോമസ് പാലയ്ക്കൽ മുഖ്യാതിഥിയായിരുന്നു. നിയുക്‌ത പ്രസിഡന്റ് ലൈസി അലക്സിന്റെ നേതൃത്വത്തിൽ തിരുവാതിര അരങ്ങേറി. വിദ്യാജ്യോതി മലയാളം സ്കൂളിലെ കുട്ടികളും ജിയ വിൻസന്റും ചേർന്ന് അമേരിക്കയുടെയും ഭാരതത്തിന്റെയും ദേശീയ ഗാനം ആലപിച്ചു. സെക്രട്ടറി അജിൻ ആന്റണി, പ്രസിഡന്റ് അലക്സാണ്ടർ പൊടിമണ്ണിൽ, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോർജ് താമരവേലിൽ എന്നിവർ സംസാരിച്ചു.

ഹഡ്സൺവാലി മലയാളി അസോസിയേഷന്റെ മുഖപത്രമായ കേരള ജ്യോതിയുടെ ഈ വർഷത്തെ ആദ്യ ലക്കം പ്രസിഡന്റ് അലക്സാണ്ടർ പൊടിമണ്ണിൽ മുഖ്യാതിഥി ഡോ. തോമസ് പാലക്കലിന് നൽകി പ്രകാശനം ചെയ്തു. ചീഫ് എഡിറ്റർ ജയപ്രകാശ് നായരോടൊപ്പം എഡിറ്റോറിയൽ ബോർഡിൽ പ്രവർത്തിച്ച പോൾ കറുകപ്പിള്ളിൽ, ഫിലിപ്പോസ് ഫിലിപ്പ്, ഇന്നസെന്റ് ഉലഹന്നാൻ എന്നിവരെ പ്രസിഡന്റ് അലക്സാണ്ടർ പൊടിമണ്ണിൽ അഭിനന്ദിച്ചു.

മാളവിക പണിക്കരുടെ മോഹിനിയാട്ടവും എൽമ സ്ഫോർഡ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന നാട്യ മുദ്ര സ്കൂൾ ഓഫ് ഡാൻസിലെ കുട്ടികളുടെ നൃത്തനൃത്യങ്ങളും ജിയ വിൻസന്റ്, സജി ചെറിയാൻ, ലൗലി മാത്യു എന്നിവരുടെ ഗാനങ്ങളും രാധാ മുകുന്ദൻ നായരുടെ കവിതയും തമ്പി പനയ്ക്കലും സംഘവും അവതരിപ്പിച്ച ലഘു ഹാസ്യ നാടകവും ആഘോഷങ്ങളുടെ ഭാഗമായിരുന്നു.

ജയപ്രകാശ് നായർ, സജി പോത്തൻ, റോയ് ആന്റണി, പോൾ ആന്റണി, തമ്പി പനയ്ക്കൽ, അലക്സ് തോമസ് എന്നിവർ ആഘോഷ പരിപാടികൾക്കു നേതൃത്വം നൽകി.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ