നിങ്ങളുടെ വോട്ടിന് വിലയുണ്ടോ ?
Tuesday, September 27, 2016 7:58 AM IST
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പോപ്പുലർ വോട്ട്, ഇലക്ട്രൽ വോട്ട് സംവിധാനം പലർക്കും അപരിചിതമാണ്. അത് അവരുടെ കുറ്റമല്ലതാനും. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് സങ്കീർണതകൾ നിറഞ്ഞ നടപടിക്രമങ്ങളിലൂടെയാണ്. ഒരു സ്‌ഥാനാർഥി അമേരിക്കയിലെ 39 സംസ്‌ഥാനങ്ങളിലും വിജയിച്ചില്ലെങ്കിലും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാം. ശേഷിച്ച 11 സംസ്‌ഥാനങ്ങൾ കലിഫോർണിയ, ന്യൂയോർക്ക്, ടെക്സസ്, ഫ്ളോറിഡ, പെൻസിൽവേനിയ, ഒഹായോ, ഇല്ലിനോയ്, മിഷിഗൺ, ന്യൂജേഴ്സി, നോർത്ത് കരോളിന, ജോർജിയ ഇവ നേടിയാൽ മതി. ഇങ്ങനെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്.

അമേരിക്കയിൽ മൊത്തം 435 കോൺഗ്രഷണൽ ഡിസ്ട്രിക്ടുകളുണ്ട്. ഓരോന്നിലും ഏതാണ്ട് 7,10,000 ജനങ്ങൾ വീതം. ഓരോ ഡിസ്ട്രിക്ടും ഒരു ജനപ്രതിനിധിയെ വീതം തെരഞ്ഞെടുക്കുന്നു. ഓരോ സ്റ്റേറ്റും രണ്ട് സെനറ്റർമാരെ തെരഞ്ഞെടുക്കുന്നു. ഡിസ്ട്രിക്ട് ഓഫ് കൊളമ്പിയായ്ക്കു കോൺഗ്രസിൽ പ്രതിനിധികളില്ല. പക്ഷേ ഇലക്ട്രൽ കോളജിൽ മൂന്ന് വോട്ടുകളുണ്ട്. അങ്ങനെ മൊത്തം 538 ഇലക്ട്രൽ വോട്ടുകൾ. 435 ഡിസ്ട്രിക്റ്റുകൾ, 100 സെനറ്റ് സീറ്റുകൾ, 3 വോട്ടുകൾ ഡിസിയിൽ നിന്ന്. 270 ഇലക്ട്രൽ വോട്ടുകൾ നേടുന്ന സ്‌ഥാനാർഥി ഭൂരിപക്ഷത്തോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നു.

ഓരോ പാർട്ടിയും തങ്ങളുടെ ഇലക്ടർമാരെ തെരഞ്ഞെടുക്കുന്നു. ഓരോ സ്റ്റേറ്റിലും ലഭിക്കുന്ന ഭൂരിപക്ഷം അനുസരിച്ച് ആ സ്റ്റേറ്റിലെ ഇലക്ടർമാർ മൊത്തം വിജയിച്ച സ്‌ഥാനാർഥിയുടെ പക്ഷത്താവുന്നു. ഇതിന് മെയിൻ, നെബ്രാസ്ക സംസ്‌ഥാനങ്ങളാണ്. ഇവിടെ ജനങ്ങളുടെ വോട്ടിന്റെ ഭൂരിപക്ഷം അനുസരിച്ച് എല്ലാ ഇലക്ടർമാരെയും ലഭിക്കുന്നില്ല. രണ്ട് വോട്ട് ജനങ്ങളുടെ മൊത്തം വോട്ടനുസരിച്ചും ബാക്കി ഓരോ ഡിസ്ട്രിക്ടിലെയും വിജയത്തിനനുസരിച്ചുമാണ് കണക്കാക്കപ്പെടുന്നത്.

ഭരണഘടനയുടെ ആർട്ടിക്കിൾ രണ്ട്, സെക്ഷൻ ഒന്ന് അനുസരിച്ച് സ്വീകരിച്ച ഈ നടപടിക്രമം ആദ്യമായി ജോർജ് വാഷിംഗ്ടൺ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പ്രയോഗത്തിലായി. അന്നു മുതൽ ഇതേ നടപടിക്രമം തുടർന്നു വരുന്നു.

ആരംഭത്തിൽ ഇലക്ടേഴ്സ് ഓരോരുത്തരും രണ്ട് പേർക്ക് വോട്ടു ചെയ്തിരുന്നു. ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന സ്‌ഥാനാർഥി പ്രസിഡന്റും രണ്ടാമൻ വൈസ് പ്രസിഡന്റും ആയിത്തീർന്നിരുന്നു. ഭരണഘടനയുടെ പന്ത്രണ്ടാം ഭേദഗതിയിലൂടെയാണ് നിലവിലെ സ്‌ഥിതി ഉണ്ടായത്. ഇതുവരെ പോപ്പുലർ വോട്ട് കൂടുതൽ ലഭിക്കുന്ന സ്‌ഥാനാർഥി തന്നെ ഇലക്ടറൽ കോളജിന്റെ വോട്ടും കൂടുതൽ ലഭിച്ച് 10 ൽ 9 തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതിന് അപവാദമായത് 1824 ലും (ജോൺ ക്വിൻസി ആഡംസ്), 1876ലും (റതർഫോർഡ് ബിഹെയ്സ്), 1888ലും (ബെഞ്ചമിൻ ഹാരിസൺ) 2000ലും (ജോർജ് ഡബ്ല്യു ബുഷ്) നടന്ന തെരഞ്ഞെടുപ്പുകളാണ്.

വിജയിക്ക് വ്യക്‌തമായ ഭൂരിപക്ഷം ഉറപ്പാക്കുന്നതാണ് ഈ സംവിധാനം. 48 സംസ്‌ഥാനങ്ങളും വിജയിക്ക് എല്ലാ ഇലക്ടറൽ വോട്ടുകളും (വിന്നർ ടേക്സ് ഓൾ) നൽകുന്നു. 50 ശതമാനവും ഒന്നും കൂടി ലഭിച്ചാൽ എല്ലാ ഇലക്ടറൽ വോട്ടുകളും നേടാം. 2000ൽ ഫ്ളോറിഡയിൽ സംഭവിച്ചത് ആവർത്തിക്കുകയില്ലെന്ന് ഇത് ഉറപ്പ് തരുന്നു.

ഇലക്ടർമാർ ഫെഡറൽ ഗവൺമെന്റിനുവേണ്ടി ജോലി ചെയ്യുന്നവരാകരുതെന്നും അവർ വോട്ടു ചെയ്യുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്‌ഥാനാർഥികളുടെ സംസ്‌ഥാനക്കാരായിരിക്കരുതെന്നും നിബന്ധയുണ്ട്. ചില സംസ്‌ഥാനങ്ങൾ പാർട്ടി കൺവൻഷനുകളിൽ ഇവരെ നിശ്ചയിക്കുന്നു.

!ഡിസംബറിൽ ഒരു ദിവസം ഇലക്ടർമാർ അവരവരുടെ സ്റ്റേറ്റുകളിൽ ഒന്നിച്ചുകൂടി പേപ്പർ ബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്തുന്നു. ഫലം വൈസ് പ്രസിഡന്റിനും മറ്റ് അധികാരികൾക്കും അയച്ചു കൊടുക്കും. ഇതോടെ ഇലക്ടറൽ കോളജിന്റെ ജോലി കഴിഞ്ഞു. അതിനു ശേഷം അവരെ പിരിച്ചു വിടുന്നു. 2017 ജനുവരി ആറിന് കോൺഗ്രസ് ചേർന്ന് സംസ്‌ഥാനങ്ങളുടെ ഇലക്ട്രറൽ വോട്ടുകൾ എണ്ണുന്നു.

പ്രൈമറികൾക്കുശേഷമാണ് ഇലക്ടറൽ കോളജ് ഉണ്ടാവുന്നത്. അതിനാൽ ഡെലിഗേറ്റുകളോ സൂപ്പർ ഡെലിഗേറ്റുകളോ സാധാരണയായി ഇലക്ടറൽ കോളജിൽ അംഗങ്ങളാവാറില്ല. ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത അവസ്‌ഥ ഉണ്ടായാൽ ജനുവരി ആറിനു നടക്കുന്ന വോട്ടെണ്ണലിനുശേഷം ഉടനെ തന്നെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സമ്മേളിച്ച് ഒരു കണ്ടിജെന്റ് ഇലക്ഷൻ നടത്തുന്നു. പ്രസിഡന്റിനെ ഹൗസ് ഓഫ് റപ്രസെന്റേറ്റീവ്സും വൈസ് പ്രസിഡന്റിനെ സെനറ്റും തെരഞ്ഞെടുക്കും.

ഓരോ സ്റ്റേറ്റിനും തുല്യമായ വോട്ടുകളാണ് ലഭിക്കുക. പ്രതിനിധി സഭയിൽ ഒരു വോട്ടും സെനറ്റിൽ രണ്ട് വോട്ടും വീതം. ജനസംഖ്യയ്ക്ക് അനുസരിച്ച് വോട്ടുകൾ ലഭിക്കുകയില്ല. ഇലക്ടറൽ വോട്ടുകൾ നിർണായകമായത് 1876ലാണ്. റിപ്പബ്ലിക്കൻ സ്‌ഥാനാർഥി റതർഫോർഡ് ബി ഹെയ്സ് ഡെമോക്രാറ്റ് സ്‌ഥാനാർഥി സാം ടിൽഡനെ തോൽപ്പിച്ചത് ഒരു വോട്ടിനാണ് 184–185. ടിൽഡൻ പോപ്പുലർ വോട്ട് 51ശതമാനത്തോളം നേടിയെങ്കിലും ഒരു വോട്ടിന് ഇലക്ടറൽ വോട്ടിംഗിൽ തോറ്റു, ഹെയ്സ് പ്രസിഡന്റായി.

ചാഞ്ചാടുന്ന സംസ്‌ഥാനങ്ങളായി അറിയപ്പെടുന്ന കൊളറാഡോ, ഫ്ളോറിഡ, അയോവ, നെവാഡ, ന്യൂഹാംഷെയർ, ഒഹായോ, പെൻസിൽവേനിയ, വെർജിനിയ, വിസ്കോൺസിൽ എന്നിവിടങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് സ്‌ഥാനാർഥികൾ താത്പര്യപ്പെടുന്നത്. മറ്റ് സംസ്‌ഥാനങ്ങൾ ഡെമോക്രാറ്റായോ റിപ്പബ്ലിക്കനായോ വോട്ടു ചെയ്യും എന്ന് ഉറപ്പുളളപ്പോൾ ഈ സ്വിംഗ് സ്റ്റേറ്റുകളിലെ പ്രവർത്തനം എത്ര ശക്‌തിപ്പെടുത്തുന്നതിനെ ആശ്രയിച്ചിരിക്കും ജയപരാജയങ്ങൾ.

റിപ്പോർട്ട്: ഏബ്രഹാം തോമസ്