ഒഐസിസി യൂത്ത് വിംഗ് കുവൈത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
Tuesday, September 27, 2016 3:41 AM IST
കുവൈത്ത്: എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹപരമായ വിദ്യാഭ്യാസ കച്ചവട നയത്തിനെതിരെ, നിരാഹാര സമരമനുഷ്‌ടിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഒഐസിസി യൂത്ത് വിംഗ് കുവൈത്ത് അബാസിയയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

ഒഐസിസി കുവൈത്ത് ദേശീയ പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര യോഗം ഉദ്ഘാടനം ചെയ്തു. എണ്ണ വിലയിടിവിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന പ്രവാസികൾക്ക് കനത്ത തിരിച്ചടിയാവുന്ന ഈ വിദ്യാഭ്യാസ നയം, ജോലി നഷ്‌ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന സാധാരണക്കാരായ പ്രവാസികൾക്ക് മക്കളുടെ തുടർ വിദ്യാഭ്യാസം അനിശ്ചിതത്വത്തിലാക്കുന്ന നടപടിയാണ് എൽഡിഎഫ് സർക്കാർ ചെയ്യുന്നതെന്നും ഇതിനെതിരെ പ്രവാസി സമൂഹം ഒറ്റക്കെട്ടായ് പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യൂത്ത് വിംഗ് പ്രസിഡന്റ് ജോബിൻ ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്തി വിംഗ് നേതാക്കളായ ഇസ്ഹാഖ് കാണിയോട്ട്, ബൈജു പോൾ, അഖിലേഷ്, ഷാനവാസ്, സുനിൽ, ഷോബിൻ സണ്ണി, ഇല്ല്യാസ്, ശബീർ, ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ