ഏലയ്ക്കാ മാല റിക്കാർഡ് വിലയ്ക്ക്
Tuesday, September 27, 2016 3:40 AM IST
ന്യൂയോർക്ക്: റോക്ലാൻഡ് വെസ്റ്റ്ചെസ്റ്റർ ക്നാനാനായ മിഷനിൽ തിരുനാളിനോട് അനുബന്ധിച്ചു നടത്തിയ ഏലയ്ക്കാ മാല ലേലം വിശ്വാസികളിൽ ആവേശവും ആഹ്ളാദവും ഉണർത്തി.

പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിൽ ഒരു ദേവാലയം ഉണ്ടാകണം എന്ന ആഗ്രഹം മിഷൻ ഡയറക്ടർ ഫാ. ജോസ് ആദോപ്പിള്ളി തിരുനാൾ ആഘോഷങ്ങൾക്കിടയിൽ ഉന്നയിച്ചപ്പോൾ തിരുനാളിൽ പങ്കെടുത്തവർ സ്വാഗതം ചെയ്തു. തുടർന്നു നടന്ന സ്നേഹവിരുന്നിൽ ന്യൂജേഴ്സി ക്നാനായ മിഷനിലെ ടോം നേർച്ചയായി നല്കിയ ഏലയ്ക്ക മാല ലേലത്തിനു വച്ചപ്പോൾ ക്യുൻസ്, വെസ്റ്റ്ചെസ്റ്റർ, റോക്ലാൻഡ്, കണക്റ്റികട്ട് ക്നാനായ മിഷനുകളിലെ അംഗങ്ങൾ ആവേശത്തോടെ അത് ഏറ്റെടുത്തു. ഒടുവിൽ റിക്കാർഡ് തുകയായ 42,000 ഡോളറിനാണ് ഏലയ്ക്ക മാല റോക്ലാൻഡ് മിഷനിലെ രാജേഷ് പുത്തൻപുരക്കൽ സ്വന്തമാക്കിയത്.

ലേലത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിപറഞ്ഞ മിഷൻ ഡയറക്ടർ ഫാ. ജോസ് ആദോപ്പിള്ളി, പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിൽ നിർമിക്കാൻ ആഗ്രഹിക്കുന്ന ദേവാലയത്തിനായി മുഴുവൻ തുകയും ഉപയോഗിക്കുമെന്ന് അറിയിച്ചു.

റിപ്പോർട്ട്: ജോസ് കാടാപ്പുറം