അഭയാർഥികളെ തിരിച്ചയയ്ക്കാൻ കൂടുതൽ കരാറുകൾ വേണം: മെർക്കൽ
Tuesday, September 27, 2016 3:37 AM IST
ബർലിൻ: തുടർച്ചയായ തെരഞ്ഞെടുപ്പു പരാജയങ്ങളോടെ ജർമൻ ചാൻസലർ ആംഗല മെർക്കലിന്റെ അഭയാർഥി നയത്തിൽ പ്രകടമായ മാറ്റം. യൂറോപ്പിലെത്തുന്ന അഭയാർഥികളെ യൂറോപ്പിനു പുറത്തുള്ള രാജ്യങ്ങളിലേക്ക് അയയ്ക്കുന്നതിന് കൂടുതൽ കരാറുകൾ ആവശ്യമാണെന്ന് അവരുടെ ഏറ്റവും പുതിയ അഭിപ്രായപ്രകടനം.

ഗ്രീസിൽനിന്നു വരുന്ന അഭയാർഥികളെ തുർക്കിയിലേക്ക് അയയ്ക്കാൻ നേരത്തെ കരാറായിരുന്നു. തിരിച്ചയയ്ക്കൽ പൂർണമായി ഫലപ്രാപ്തിയിലെത്തിയില്ലെങ്കിലും ഇക്കാര്യത്തിൽ ധാരണയായതോടെ അഭയാർഥി പ്രവാഹത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. സമാനമായ കരാറുകൾ മറ്റു ചില രാജ്യങ്ങളുമായും വേണമെന്നാണ് മെർക്കൽ പറയുന്നത്.

മാനുഷികമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റുമ്പോൾ തന്നെ അനധികൃത കുടിയേറ്റം നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യവും പാലിക്കപ്പെടണമെന്ന് മെർക്കൽ മാധ്യമ പ്രവർത്തകരുടെ മുന്നിൽ അഭിപ്രായപ്പെട്ടു.

ഈ വർഷം ഇതുവരെ മൂന്നു ലക്ഷത്തോളം അഭയാർഥികളാണ് മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിലെത്തിയിട്ടുള്ളതെന്നാണ് ഐക്യരാഷ്ര്‌ടസഭയുടെ കണക്ക്. എന്നാൽ, കഴിഞ്ഞ വർഷത്തെ ആദ്യ ഒമ്പതു മാസം ഇത് അഞ്ചേകാൽ ലക്ഷത്തോളമായിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ