ഹൂസ്റ്റണിൽ ഗാന്ധിജയന്തി ആഘോഷം ഒക്ടോബർ രണ്ടിന്, ഡിസിസി പ്രസിഡന്റ് മോഹൻരാജ് മുഖ്യാതിഥി
Tuesday, September 27, 2016 2:46 AM IST
ഹൂസ്റ്റൻ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് (ഐഎൻഒസി) ടെക്സസ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഹൂസ്റ്റണിൽ ഗാന്ധിജയന്തി ആഘോഷിക്കുന്നു. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ (മാഗ്) ആസ്‌ഥാനമായ കേരളാ ഹൗസിൽ (1415 Packer Ln, Stafford, TX 77477) ഒക്ടോബർ രണ്ടിന് ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

ഹൃസ്വസന്ദർശനാർത്ഥം അമേരിക്കയിൽ എത്തിയിരിക്കുന്ന പത്തനംതിട്ട ജില്ലാ കോൺഗ്രസ് പ്രസിഡന്റ് പി. മോഹൻരാജ് യോഗത്തിൽ മുഖ്യാതിഥിയായി ചടങ്ങിൽ സംബന്ധിച്ച് പ്രസംഗിക്കുന്നതാണ്. 2007 മുതൽ ഡിസിസി പ്രസിഡന്റായി പത്തനംതിട്ട ജില്ലയിലെ കോൺഗ്രസിനു കരുത്തുറ്റ നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന മോഹൻരാജ് 1996 മുതൽ 2001 വരെ പത്തനംതിട്ട മുനിസിപ്പൽ ചെയർമാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഗാന്ധിജയന്തി സമ്മേളനത്തിലേക്ക് എല്ലാ പ്രവാസി മലയാളികളേയും സ്വാഗതം ചെയ്യുന്നതോടൊപ്പം പത്തനംതിട്ട ജില്ലയിലെ യു.ഡി.എഫ് പ്രവർത്തകർക്ക് മോഹൻരാജിനെ സ്വീകരിക്കുന്നതിനുള്ള അവസരമുണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ബേബി മണക്കുന്നേൽ (സെക്രട്ടറി) 713 291 9721, ജീമോൻ റാന്നി (ജോ. സെക്രട്ടറി) 407 718 4805, ജയിംസ് കൂടൻ (914 987 1101).

റിപ്പോർട്ട്: ജീമോൻ റാന്നി