മഞ്ച്, നാമം, കെസിഎഫ് സംയുക്‌ത ഓണാഘോഷം വർണാഭമായി
Monday, September 26, 2016 1:35 AM IST
ന്യൂജേഴ്സി: മൂന്നു മലയാളി സംഘടനകൾ ചേർന്നു ന്യൂജേഴ്സിയിൽ ഒരുക്കിയ സംയുക്‌ത ഓണാഘോഷം ചരിത്രമായി. മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (മഞ്ച്), കേരള കൾച്ചറൽ ഫോറം (കെസിഎഫ്), നാമം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ സംയുക്‌തഓണാഘോഷം ജനപ്രാതിനിധ്യംകൊണ്ടും സംഘടനകളുടെ പങ്കാളിത്തംകൊണ്ടും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്.

സെപ്റ്റംബർ 18–നു ബർഗൻ ഫീൽഡിലെ കോൺലോൺ ഓഡിറ്റോറിയത്തിൽ നടന്ന വർണശബളമായ ചടങ്ങ് നയനസുന്ദരമായ ഓഒണാഘോഷ കലാപരിപാടികൾകൊണ്ട് മുഖരിതമായിരുന്നു. ചെണ്ടവാദ്യം, ശിങ്കാരിമേളം, തിരുവാതിര, കൈകൊട്ടിക്കളി, ചാക്യാർകൂത്ത് തുടങ്ങി അസോസിയേഷനുകളിലെ അംഗങ്ങളുടെ മക്കളുടെ നൃത്തനൃത്യങ്ങളും ഓണാഘോഷത്തിനു മാറ്റുകൂട്ടി. മഞ്ചിന്റെ അംഗങ്ങൾ അവതരിപ്പിച്ച ഫ്യൂഷൻ നൃത്തവും കലാഭവൻ ജോഷി, സാബു തിരുവല്ല, ഐഡിയ സ്റ്റാർ സിംഗർ ഫെയിം വില്യംസ്, പ്രമുഖ ഗായകൻ ജെംസൺ കുര്യാക്കോസ് എന്നിവരുടെ സംഗീത കോമഡി ഷോയും അരങ്ങേറി.

കക്ഷിരാഷ്ര്‌ടീയദേദമില്ലാതെ നേതാക്കളും പ്രമുഖരും പങ്കെടുത്തു. ഫൊക്കാന, ഫോമ എന്നീ ദേശീയ സംഘടനകൾ, ട്രൈസ്റ്റേറ്റ് മേഖലയിലെ എല്ലാ കലാ, സാംസ്കാരിക സംഘടനകൾ, മതസമുദായ നേതാക്കൾ, ബിസിനസ്–സാമ്പത്തിക രംഗത്ത പ്രമുഖർ എന്നിവർക്കു പുറമെ ബർഗൻഫീൽഡ് കൗണ്ടിയിലെ രാഷ്ര്‌ടീയ മേഖലയിലെ പ്രമുഖരും ഓണാഘോഷത്തിനായി ഒത്തുചേർന്നു. മലയാളികൾക്കുപുറമെ അമേരിക്കക്കാരും ഓണാഘോഷത്തിൽ ഭാഗഭാക്കായി.



ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലർ ജനറൽ റീവാ ഗാംഗുലിദാസ് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ട്രൈസ്റ്റേറ്റിലെ വിവിധ സംഘടനാ മേഖലകളിലെ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ അമേരിക്കൻ മലയാളികളുടെ ആത്മീയഗുരുവായ ഫാ. മാത്യു കുന്നത്ത്്, ഫാ. ബാബു, മഞ്ച് പ്രസിഡന്റ് സജിമോൻ ആന്റണി, കെസിഎഫ്. പ്രസിഡന്റ് ദാസ് കണ്ണമ്പള്ളി, നാമം പ്രസിഡന്റ് ഗീതേഷ് തമ്പി, മഞ്ച് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഷാജി വർഗീസ്, നാമം രക്ഷാധികാരി ടി.എസ് ചാക്കോ, ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ പോൾ കറുകപ്പള്ളിൽ, ഫൊക്കാന വുമൻസ് ഫോറം ചെയർപേഴ്സൺ ലീല മാരേട്ട്, ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫീലിപ്പോസ് ഫിലിപ്പ്, ഫോമ ജനറൽ സെക്രട്ടറി ഷാജി എഡ്വേർഡ്, ഫോമ നേതാവ് ജോസ് ഏബ്രാഹം, മഞ്ച് സെക്രട്ടറി സുജ ജോസ്, വൈസ് പ്രസിഡന്റ് ഉമ്മൻ ചാക്കോ, നാമം സെക്രട്ടറി സജിത് ഗോപിനാഥ്, കെ.സി.എഫ് വൈസ് പ്രസിഡന്റ് എൽദോ പോൾ, സെക്രട്ടറി ദേവസി പാലാട്ടി, പ്രമുഖ വ്യവസായികളായ വർക്കി ഏബ്രാഹാം, ബേബി ഊരാളിൽ, ദിലീപ് വർഗീസ്, ബർഗൻഫീൽഡ് മേയർ നോർമൻ ഷ്മെൽസ് തുടങ്ങിയവർ ചേർന്നു തിരി തെളിച്ചതോടെ ഓണാഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു.

കെസിഎഫിന്റെ ഇരുപത്താറാമത് വാർഷികം ചടങ്ങിൽ കോൺസുലാർ ജനറൽ റീവ ഗാംഗുലി ദാസ് ഉദ്ഘാടനം ചെയ്തു. വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ, ഹഡ്സൺവാലി മലയാളി അസോസിയേഷൻ, കാഞ്ച്, കെസിഎൻജെ, കേരള എൻജിനീയറിംഗ് അസോസിയേഷൻ, മിത്രാസ്, ഇസിഎഫ്എൻജെ, എഫ്എംആർഎൽഎഫ്, കെസിഎഫ്, ലിംക, കെസിസിഎൻഎ തുടങ്ങിയ നിരവധി സംഘടനകളുടെ ഭാരവാഹികളും പ്രതിനിധികളും സ്പോൺസർമാരായ തോമസ് മലയിൽ, ബാബു ജോസഫ്, ഏബാഹാം തോമസ്, സ്റ്റെർളിൻ ഫുഡ്സ് തുടങ്ങിയവരും ഓണാഘോഷപരിപാടിയിൽ പങ്കെടുത്തു.

മാധ്യമരംഗത്തെ പ്രമുഖരായ ജോർജ് ജോസഫ്, ജോർജ് തുമ്പയിൽ, സുനിൽ ട്രൈസ്റ്റാർ, രാജു പള്ളത്ത്, മധുരാജൻ, ബിജുജോൺ, ഫിലിപ്പ് മാരറ്റ്, ഷിജോ പൗലോസ് തുടങ്ങിയവരും പങ്കെടുത്തു.
ഫോമ സെക്രട്ടറി ഇലക്ട് ജിബി തോമസ്, വൈസ് പ്രസിഡന്റ് ഇലക്ട് ലാലി കളപ്പുരയ്ക്കൽ, കെസിസിഎൻഎ പ്രസിഡന്റ് അനിയൻ ജോർജ്, ഫൊക്കാന നാഷണൽ കമ്മിറ്റി അംഗം ലൈസി അലക്സ്, ഫൊക്കാന നേതാവ് അലക്സ് തോമസ്, കാഞ്ച് പ്രസിഡന്റ് അലക്സ് മാത്യു, സെക്രട്ടറി സ്വപ്ന രാജേഷ് തുടങ്ങിയവരും ഓണാഘോഷത്തിൽ പങ്കാളികളായി.

ന്യൂജേഴ്സിയിലെ പ്രമുഖ ഡാൻസ് സ്കൂളുകളായ കലാശ്രീ ഡാൻസ് സ്കൂൾ, മയൂർ സ്കൂൾ ഓഫ് ആർട്സ്, നൂപുര ഡാൻസ് സ്കൂൾ, സൗപർണിക ഡാൻസ് അക്കാദമി എന്നിവിടങ്ങളിലെ കലാപ്രതിഭകൾ അവതരിപ്പിച്ച ശാസ്ത്രീയ, ബോളിവുഡ് നൃത്തങ്ങൾ ഓണാഘോഷത്തിന് പൊലിമ കൂട്ടി.

സ്വാദ് റസ്റ്ററന്റ് ആണ് രുചികരമായ ഓണസദ്യ ഒരുക്കിയത്. ഇവന്റ് കാറ്റ്സ് ഒരുക്കിയ സൗണ്ട് * ലൈറ്റ്സ് കലാപരിപാകൾക്ക് പൊലിമ കൂട്ടി. ട്വിലൈറ്റിന് ആയിരുന്നു ഫോട്ടോഗ്രഫിയുടെ ചുമതല.
വിവിധ കർമ്മമേഖലകളിൽ മികവ് തെളിയിച്ചവരെ പൊന്നാടയും ഫലകങ്ങളും നല്കി ആദരിച്ചു. നിരവധി പ്രമുഖരെ വേദിയിലേയ്ക്ക് ആനയിച്ച് ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു. മഞ്ച് പ്രസിഡന്റ് സജിമോൻ ആന്റണി ആയിരുന്നു പൊതുപരിപാടിയിൽ പ്രമുഖരെ പരിചയപ്പെടുത്തിയത്. മഞ്ച് കൾച്ചറൽ സെക്രട്ടറി ഷൈനിയും സഹായിയായിരുന്നു. തുടർന്ന നടന്ന കലാപരിപാടികൾക്ക് കെസിഎഫ് സെക്രട്ടറി ദേവസി പാലാട്ടി, മഞ്ച് സെക്രട്ടറി സുജ ജോസ്, നാമം ട്രഷറർ ആശ വിജയൻ എന്നിവർ എംസിമാരായിരുന്നു.

മലയാളി സമൂഹത്തെ മുക്‌തകണ്ഠം പ്രശംസിച്ച് കോൺസുലാർ ജനറൽ റീവാ ഗാംഗുലി

മലയാളി സമൂഹത്തിന്റെ ഏതൊരു പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ പ്രതിജ്‌ഞാബദ്ധതമാണ് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് എന്ന് കോൺസുലാർ ജനറൽ റീവാ ഗാംഗുലി ദാസ് ഐഎഫ്എസ്. ഇന്ത്യൻ സമൂഹത്തിന് പ്രത്യേകിച്ച് മലയാളി സമൂഹത്തിന് കോൺസുലാർ സംബന്ധമായ ഏതൊരു പ്രശ്നങ്ങൾക്കും എംബസിയെ നേരിട്ട് സമീപിക്കാമെന്നും ഗാംഗുലി വ്യക്‌തമാക്കി. ന്യൂജേഴ്സിയിലെ ബർഗൻഫീൽഡിലുള്ള കോൺലോൺ ഓഡിറ്റോറിയത്തിൽ മഞ്ച് –കെസിഎഫ് – നാമം എന്നീ സംഘടനകളുടെ സംയുക്‌താഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷപരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.


ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റ് വളരെ സജീവവും എപ്പോഴും പുതുക്കുന്നതുമാണ്. അതുകൊണ്ടുതന്നെ വെബ്സൈറ്റിൽ ഏറെ വിവരങ്ങൾ ലഭ്യമാണ്. കൂടാതെ, എംബസി ഫേയ്്സ്ബുക്ക് പേജും സജീവമായി പ്രവർത്തിക്കുന്നുണ്ട്. വിവരങ്ങൾക്കായി വെബ്സൈറ്റും ഫേയ്സ്ബുക്ക് പേജും സന്ദർശിക്കുകയും ലൈക്ക് ചെയ്യുകയും വേണമെന്ന് റീവാ ഗാംഗുലി അഭ്യർത്ഥിച്ചു. മലയാളി സമൂഹവും സംഘടനകളും എന്നും ലോകത്തിന് മുഴുവൻ മാതൃകയാണെന്നു പറഞ്ഞ റീവാ ഗാംഗുലി മലയാളി സംസ്കാരത്തെ പ്രത്യേകിച്ച് ഓണാഘോഷത്തെ മുക്‌തകണ്ഠം പ്രശംസിച്ചു.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ