എണ്ണവില ഓരോ മാസവും വിലയിരുത്തുവാൻ കുവൈത്ത്
Sunday, September 25, 2016 1:07 AM IST
കുവൈത്ത് : ആഗോള വിപണിയിലെ ക്രൂഡോയിൽ വിലയുടെ അടിസ്‌ഥാനത്തിൽ എല്ലാ മാസവും വില പുതുക്കി നിശ്ചയിക്കുവാൻ സർക്കാർ തീരുമാനിച്ചതായി പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തു. മുമ്പത്തെ തീരുമാന പ്രകാരം മൂന്നുമാസത്തിലൊരിക്കൽ അവലോകനം ചെയ്യുവാനായിരുന്നു സർക്കാർ നിശ്ചയിച്ചത്. അതിന് പകരമായാണ് ഇപ്പോയത്തെ പുതിയ തീരുമാനം. ഈ മാസം ഒന്നാം തീയതി മുതലായിരുന്നു ഇന്ധനവിലക്ക് നിരക്ക് വർധിപ്പിച്ചത്. പ്രീമിയം പെട്രോളിന് ലിറ്ററിന് 60 ഫിൽസ്, സൂപ്പർ പെട്രോളിന് 65 ഫിൽസ്, ലോ എമിഷൻ അൾട്ര പെട്രോളിന് 95 ഫിൽസ് എന്നിങ്ങനെയുണ്ടായിരുന്നത് യഥാക്രമം 85, 105, 165 ഫിൽസ് ആയി വർധിപ്പിക്കുകയായിരുന്നു.

പാർലിമെന്റിൽ ചർച്ച ചെയ്യാതെ തീരുമാനമെടുത്ത സർക്കാർ കടുത്ത എതിർപ്പാണ് എംപിമാരിൽ നിന്നും നേരിടുന്നത്. അതിനിടെ ഇന്ധനവില ചർച്ച ചെയ്യുവാൻ അടിയന്തരമായി പാർലമെന്റ് സമ്മേളിക്കണമെന്ന് ആവശ്യപ്പെട്ട് 35 ലേറെ എംപിമാർ പാർലിമെന്റ് സ്പീക്കർക്ക് കത്ത് നൽകി. എണ്ണവില വർധനവിന്റെ ആഘാതത്തിൽനിന്ന് കുറഞ്ഞ വരുമാനക്കാർക്ക് ആശ്വാസം നൽകുന്നതിന് നടപടികൾ സ്വീകരിക്കാൻ സർക്കാർ പ്രതിജ്‌ഞാബന്ധമാണെന്നും സർക്കാർ സൂചിപ്പിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ