ഒക്ടോബർ ഫെസ്റ്റ് സന്ദർശകരുടെ എണ്ണം പാതിയായി
Saturday, September 24, 2016 8:12 AM IST
മ്യൂണിക്ക്: ഒക്ടോബർ ഫെസ്റ്റ് ഒരു വാരാന്ത്യം കടക്കുമ്പോൾ സന്ദർശകരുടെ എണ്ണത്തിൽ കുത്തനെ ഇടിവ്. എന്നാൽ, ഇതിനു കാരണം സുരക്ഷാ ഭീഷണിയൊന്നുമല്ലെന്നും കഴിഞ്ഞ ആഴ്ച പെയ്ത കനത്ത മഴയാണെന്നുമാണ് സംഘാടകരുടെ വിലയിരുത്തൽ.

ആഴ്ചകൾ ദീർഘിച്ച തെളിഞ്ഞ കാലാവസ്‌ഥയ്ക്കു ശേഷമാണ് വെള്ളിയാഴ്ച വൈകിട്ടു മുതൽ നഗരത്തിലാകെ കനത്ത മഴ പെയ്തത്. ഇത് ഞായറാഴ്ച വരെ നീളുകയും ചെയ്തു. മഴ മാറിയതോടെ സന്ദർശകർ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷ.

എന്നാൽ, ജൂലൈയിലെ വെടിവയ്പുകളെത്തുടർന്ന് നഗരത്തിൽ സുരക്ഷാ ഭീഷണി ശക്‌തമാണ്. നേരത്തെ തന്നെ ഒക്ടോബർഫെസ്റ്റിനോട് അനുബന്ധിച്ചുള്ള ഹോട്ടൽ ബുക്കിംഗുകളിൽ ഗണ്യമായ ഇടിവ് കാണുന്നുണ്ട്.

ഇരുനൂറ് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഫെസ്റ്റിവൽ പ്രദേശത്തിനു ചുറ്റുമതിൽ നിർമിക്കുന്നത്. സന്ദർശകർ മൂന്നു ലിറ്ററിലധികം കപ്പാസിറ്റിയുള്ള ബാഗുകൾ കൊണ്ടുവരുന്നതും നിരോധിക്കപ്പെട്ടിരുന്നു.

ഏതായാലും കഴിഞ്ഞ വർഷം പത്തു ലക്ഷം പേർ വന്നു പോയ സ്‌ഥാനത്ത് ഈ വർഷം ഇതുവരെ അഞ്ചു ലക്ഷം പേരേ എത്തിയിട്ടുള്ളൂ. ഒക്ടോബർ മൂന്നിനാണ് മേള സമാപിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ