കേരളത്തിൽ മതേതര സമൂഹത്തെ തകർത്തുള്ള ഭരണം: എൻ.കെ. പ്രേമചന്ദ്രൻ എംപി
Saturday, September 24, 2016 8:11 AM IST
മസ്കറ്റ്: കേരളത്തിൽ നിലനിൽക്കുന്ന മതേതര സമൂഹത്തെ തകർത്ത് ഭരണം തുടരുക എന്ന ഹീനമായ തന്ത്രമാണ് പിണറായി വിജയൻ പിന്തുടരുന്നതെന്നു ആർഎസ്പി നേതാവും മുൻ മന്ത്രിയുമായ എൻ.കെ. പ്രേമചന്ദ്രൻ എംപി. ഒഐസിസി ഒമാൻ നാഷണൽ കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുനേടി അധികാരത്തിൽ എത്തിയ എൽഡിഎഫ് ന്യൂനപക്ഷങ്ങളിൽ അനാവശ്യ ഭീതി വിതച്ചും മറ്റു സമുദായത്തെ പ്രകോപിപ്പിച്ചും മുന്നോട്ട് പോകുകയാണ്. ശ്രീകൃഷ്ണ ജയന്തി, ഓണം, ശ്രീനാരാണ ഗുരു ജയന്തി എന്നിവയെക്കുറിച്ചെല്ലാമുണ്ടായ വിവാദങ്ങൾ ഇതാണ് സൂചിപ്പിക്കുന്നത്. ഇത് കേരളത്തിന്റെ പൊതുവായ സൗഹൃദ അന്തരീക്ഷത്തെ തകർക്കുന്നതാണ്. അതോടൊപ്പം ബിജെപിയെ മുഖ്യ പ്രതിപക്ഷമായി ഉയർത്തികാട്ടിയതുവഴി അവരെ പ്രീണിപ്പിക്കുക എന്ന നയം കൂടി ഇടതുപക്ഷം നടപ്പിലാക്കുന്നുവെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

പാർലമെന്റിൽ 45 സീറ്റ് മാത്രമുള്ള കോൺഗ്രസിനെ മുഖ്യ ശത്രു ആയി കാണുകയും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിൽ ഭരിക്കുന്ന ബിജെപിയെ എതിർക്കാതിരിക്കുകയും ചെയ്യുന്നു. പിണറായിയുടെ ഏകാധിപത്യത്തിൽ ഘടകകക്ഷി മന്ത്രിമാരും പാർട്ടി മന്ത്രിമാരും ശ്വാസം മുട്ടുകയാണ്. കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെതിന് സമാനമായ ഏകാധിപത്യം ആണ് കേരളത്തിൽ പിണറായി വിജയന്. കേന്ദ്രത്തിൽ കോൺഗ്രസ് ഭരണം കൊണ്ടുണ്ടായ ഊഷ്മളമായ വിദേശ ബന്ധം നരേന്ദ്ര മോദി തകർത്തു. യുപിഎ ഭരണത്തിൽ ശാന്തമായിരുന്ന കാഷ്മീർ എൻഡിഎ ഭരണത്തിൽ അശാന്തിയുടെ താഴ്വാരമായി മാറിയെന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.

കേരളത്തിലെ സ്ത്രീജനങ്ങൾ പിണറായി ഭരണത്തിൽ ഭീതിയിലാണ് കഴിയുന്നതെന്ന് ചടങ്ങിൽ പങ്കെടുത്ത മഹിളാ കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി നദീറ സുരേഷ് അഭിപ്രായപ്പെട്ടു. പീഡകരെ സംരക്ഷിക്കുക എന്ന രീതിയാണ് സർക്കാർ തുടരുന്നത്. സൗമ്യ കേസിലെ വിധി അതാണ് സൂചിപ്പിക്കുന്നത്. ഇതിനെതിരെ സ്ത്രീകൾ തന്നെ രംഗത്തിറങ്ങണമെന്നും അവർ ആവശ്യപ്പെട്ടു.

ഒഐസിസി പ്രസിഡന്റ് സിദ്ദീഖ് ഹസൻ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഓർഗനൈസിംഗ് സെക്രട്ടറി ശങ്കർ പിള്ള, മുൻ എംപി. ഡോ. കെ.എസ്. മനോജ്, ജനറൽ സെക്രട്ടറി എൻ.ഒ. ഉമ്മൻ, വൈസ് പ്രസിഡന്റ് ഹൈദ്രോസ് പതുവന എന്നിവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: സേവ്യർ കാവാലം