ലീഡ്സിൽ മാർ ജോസഫ് സ്രാമ്പിക്കലിന് ഉജ്‌ജ്വല സ്വീകരണം
Saturday, September 24, 2016 6:59 AM IST
ലീഡ്സ്: മെത്രാഭിഷേകത്തിനു മുന്നോടിയായി യുകെയുടെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തുന്ന ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത നിയുക്‌ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന് ലീഡ്സിൽ ഉജ്‌ജ്വല സ്വീകരണം നൽകി. ചാപ്ലിൻ ഫാ. മാത്യു മുളയോളിയുടെ നേതൃത്വത്തിൽ ഇടവക സമൂഹം സ്വീകരിച്ചു.

ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ലൻഡ് എന്നിവിടങ്ങളിലെ സീറോ മലബാർ വിശ്വാസികൾക്കായി ഫ്രാൻസിസ് മാർപാപ്പ അനുവദിച്ചു നൽകിയ രൂപതയുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ സംസ്കാരത്തിനോട് ചേർന്ന് സഭയുടെ പാരമ്പര്യത്തിലധിഷ്ഠിതമായി പ്രവർത്തിക്കുവാൻ ഏവരുടേയും പ്രാർഥനയും സഹകരണവും പുതിയ രൂപതയ്ക്കും അജപാലന ശുശ്രൂഷകൾക്കും നൽകണമെന്ന് മാർ സ്രാമ്പിക്കൽ അഭ്യർഥിച്ചു.

ഓരോ ഇടവകകളിലേയും കുടുംബകൂട്ടായ്മകളിൽ സംബന്ധിച്ച് പ്രാർഥന ചൈതന്യത്തിൽ സഭയെ വളർത്തുവാനും ദൈവിക സ്നേഹത്തിന്റെ മാധുര്യം പങ്കുവഹിക്കുന്ന വിശ്വാസ ചൈതന്യം ഏവരിലേക്കും പകരുന്ന ക്രൈസ്തവ സമൂഹമായി വളർന്നുവരുവാനും സുവിശേഷം എത്തിച്ചുകൊടുക്കുവാനും നാം ബാധ്യസ്‌ഥരാണെന്ന് മാർ സ്രാമ്പിക്കൽ ഓർമിപ്പിച്ചു.

ഇടവകാംഗങ്ങളുമായി ആശയവിനിമയത്തിനുശേഷം ലീഡ്സ് രൂപതാധ്യക്ഷൻ മാർക്കസ് സ്റ്റോക്കിനെ സന്ദർശിച്ച് ചർച്ച നടത്തി. ചടങ്ങിൽ ചാപ്ലിൻ ഫാ. മാത്യു മുളയോളി, ഫാ. ഫാൻസ്വ പത്തിൽ, ജോൺ കുര്യൻ, മജോഷ് എന്നിവരും പങ്കെടുത്തു.