സിയാറ്റിൻ ഷോപ്പിംഗ് മാളിൽ വെടിവയ്പിൽ അഞ്ചു മരണം
Saturday, September 24, 2016 6:57 AM IST
സിയാറ്റിൻ: അമേരിക്കയിലെ ഷോപ്പിംഗ് മാളിൽ സെപ്റ്റംപർ 23ന് രാത്രി അജ്‌ഞാതനായ തോക്കുധാരി നടത്തിയ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായി വാഷിംഗ്ടൺ സ്റ്റേറ്റ് പെട്രോൾ അറിയിച്ചു.

സിയാറ്റിൽ നിന്നും 65 മൈൽ വടക്ക് മാറി സ്‌ഥിതി ചെയ്യുന്ന ബർലിംഗ്ടൺ കാസ്കേഡ് മാളിലാണ് വെടിവയ്പ് നടന്നത്. സംഭവം അറിഞ്ഞ് പോലീസ് സ്‌ഥലത്തെത്തിയെങ്കിലും അക്രമി ഇതിനകം രക്ഷപ്പെട്ടിരുന്നു.

വെടിവയ്പു നടത്തിയത് ഒരാൾ മാത്രമാണെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. എത്ര പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും മരണ സംഖ്യ ഇതിലും കൂടാൻ സാധ്യതയുണ്ടോ എന്നും വ്യക്‌തമാക്കാൻ പോലീസ് വിസമ്മതിച്ചു. പ്രതിക്കുവേണ്ടിയുളള തിരച്ചിൽ പോലീസ് ഊർജിതപ്പെടുത്തിയിട്ടുണ്ട്. പ്രതിയുടേതെന്ന് സംശയിക്കുന്ന ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

വെടിവയ്പിനെക്കുറിച്ചോ, പ്രതിയെകുറിച്ചോ വിവരം ലഭിക്കുന്നവർ വാഷിംഗ്ടൻ പോലീസുമായി ബന്ധപ്പെടണമെന്ന് സർജന്റ് മാർക്ക് ഫ്രാൻസിസ് അഭ്യർഥിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ