തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകി സുരക്ഷിതകേന്ദ്രങ്ങൾ രൂപപ്പെടുത്തണം: ഡോ. ജോസഫ് മാർത്തോമ
Saturday, September 24, 2016 6:51 AM IST
ഡാളസ്: രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് കേരളത്തിൽ തെരുവു നായ്ക്കൾ കുട്ടികളേയും മുതിർന്നനരേയും കടിച്ച് കീറുന്നത് ഇന്ന് നിത്യ സംഭവമായി മാറിയിരിക്കുന്നു. ഇത്തരം തെരുവു നായ്ക്കളെ പിടിച്ചു ഭക്ഷണം നൽകി സംരക്ഷിക്കുന്നതിനുള്ള സുരക്ഷിത കേന്ദ്രങ്ങൾ രൂപപ്പെടുത്തുക എന്നത് മാത്രമാണ് ഏക പരിഹാരമെന്ന് മാർത്തോമാ സഭാ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ അഭിപ്രായപ്പെട്ടു.
പലപ്പോഴും കൊച്ചു കുട്ടികളും പാവപ്പെട്ടവരുമാണ് കൂടുതൽ ആക്രമണത്തിന് ഇരകളാകുന്നത്. മൃഗ സ്നേഹത്തിന്റെ പേരും പറഞ്ഞ് നായ്ക്കളെ തെരുവിൽ യഥേഷ്‌ടം വിഹരിക്കുവാൻ അനുവദിക്കരുത്. മനുഷ്യന്റെ സ്വൈര്യ ജീവിതം അപകടത്തിലാക്കുന്നതിന് തുല്ല്യമാണെന്നും ഈ യാഥാർഥ്യം കണ്ടില്ലെന്ന് നടിക്കുന്നത് ഒരു ഭരണ കൂടത്തിനും ഭൂഷണമല്ലെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

കേന്ദ്ര കേരള സർക്കാരുകൾ ഈ വിഷയത്തിൽ തമ്മിൽ സംഘർഷത്തിന്റെ പാതയിലേക്ക് നീങ്ങുകയല്ല വേണ്ടതെന്നും, ജനങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പാക്കുന്നതിന് ഒരുമിച്ച് നിൽക്കുകയാണ് വേണ്ടതെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.

ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ അധിവസിക്കുന്ന മാർത്തോമ സഭാംഗങ്ങളിൽ ഈ വിപത്തിനെതിരെ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ പ്രത്യേകം തയാറാക്കിയ സന്ദേശത്തിലാണ് മെത്രാപ്പോലീത്ത ഈ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു നേരത്തെ ഭക്ഷണത്തിന് മാർഗമില്ലാതെ, തല ചായ്ക്കാൻ ഇടമില്ലാതെ തെരുവോരങ്ങളിലും കടത്തിണ്ണകളിലും കഴിയുന്നവരെ സംരക്ഷിക്കുന്നതിന് ഭൂ ഭവന ദാന പ്രസ്‌ഥാനവും പാർപ്പിട സൗകര്യങ്ങളും രൂപപ്പെടുത്തിയിട്ടുള്ള മാർത്തോമ സഭാ പരമാധ്യക്ഷന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കുവാൻ അധികാരികൾ തയാറാകുന്നില്ലെങ്കിൽ ഈ ദൗത്യം ഏറ്റെടുക്കുവാൻ സഭ സന്നദ്ധമാണെന്ന മുന്നറിയിപ്പാണ് മെത്രാപ്പോലീത്ത നൽകിയിരിക്കുന്നത്.

dnt¸mÀ«v: ]n.]n. sNdnbm³