ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ഓണം ആഘോഷിച്ചു
Friday, September 23, 2016 8:08 AM IST
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ ഓണം ആഘോഷിച്ചു. കമാൽ സിനിമയ്ക്കു സമീപമുള്ള എംസിഡി പാർക്കിലായിരുന്നു ആഘോഷ പരിപാടികൾ.

എംസിഡി സൗത്ത് ഡൽഹി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശൈലേന്ദർ സിംഗ് മുഖ്യാതിഥിയും ഡൽഹി ഡവല്പ്മെന്റ് അഥോറിറ്റി കമ്മീഷണർ (ഡിസ്പോസൽ) ആർ. സുബു വിശിഷ്ടാതിഥിയും ആയിരുന്നു. ഫാ. പയസ് മേലേക്കണ്ടത്തിൽ, ഡൊമിനിക് ജോസഫ് എന്നിവർ പ്രസംഗിച്ചു. കൈക്കാരന്മാരായ റെജി നെല്ലിക്കുന്നത്ത്, സിറിയക് ജോൺ എന്നിവർ വിശിഷ്ടാതിഥികളെ പൊന്നാട അണിയിച്ച് ആദരിച്ചു.

തുടർന്നു പ്രഭാതാരാ ഹോസ്റ്റലിലെ കുട്ടികൾ അവതരിപ്പിച്ച തിരുവാതിര, ഫ്യൂഷൻ ഡാൻസ്, മിഠായി പെറുക്കൽ, റൊട്ടി കടി, ലെമൺ സ്പൂൺ റേയ്സ്, കസേരകളി, വടംവലി മത്സരം തുടങ്ങി വിവിധ മത്സരങ്ങളും ഷാജി കുമാറിന്റെ നേതൃത്വത്തിൽ കോഴി ലേലവും നടന്നു. ഓണസദ്യയോടുകൂടി ആഘോഷ പരിപാടികൾ സമാപിച്ചു. മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ സെപ്റ്റംബർ 25നു (ഞായർ) പള്ളിയിൽ വിതരണം ചെയ്യും. ആഘോഷത്തോടനുബന്ധിച്ചു നടന്ന ഭാഗ്യ നറുക്കെടുപ്പിൽ സ്മിത വിജയിയായി.

ആഘോഷ പരിപാടികൾക്ക് കൈക്കാരൻ റെജി നെല്ലിക്കുന്നത്ത് നേതൃത്വം നൽകി.