ജർമനിയിലെ അഭയാർഥിവിരുദ്ധ നേതാവ് ഇപ്പോൾ ആഫ്രിക്കയിൽ അഭയാർഥി
Thursday, September 22, 2016 8:07 AM IST
ബർലിൻ: ജർമനിയിലെ അഭയാർഥി വിരുദ്ധ സംഘടനയായ പെഗിഡയുടെ നേതാവ് ലൂട്സ് ബാച്ച്മാൻ ഇതാ ആഫ്രിക്കയിൽ സ്വയമൊരു അഭയാർഥിയായിക്കഴിഞ്ഞിരിക്കുന്നു. സ്പാനിഷ് കൊളോണിയൽ ശേഷിപ്പായ ടെനെറിഫിലാണ് ബാച്ച്മാൻ ഇപ്പോഴുള്ളത്.

തനിക്കും കുടുംബത്തിനും ജർമനിയിലെ ഡ്രെസ്ഡനിൽ താമസിക്കാൻ കഴിയാത്ത അവസ്‌ഥയാണ് ഇപ്പോഴുള്ളതെന്നും സ്പാനിഷ് ദ്വീപിലേക്കു മാറാൻ ഇതാണു കാരണമെന്നും ബാച്ച്മാൻ ഫെയ്സ്ബുക്കിലൂടെ അവകാശപ്പെടുന്നു. എന്നാൽ, സ്‌ഥിരമായി അങ്ങോട്ടു താമസം മാറ്റിയോ എന്ന് അദ്ദേഹം വ്യക്‌തമാക്കിയിട്ടില്ല.

കഴിഞ്ഞ നാലോ അഞ്ചോ മാസമായി ബാച്ച്മാൻ ടെനെറിഫെയിൽ തന്നെയുള്ളതായാണ് വിവരം. ഇവിടെ നല്ലൊരു ജോലിക്കായുള്ള അന്വേഷണത്തിലാണത്രെ.

ഡ്രെസ്ഡൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന പെഗിഡയാണ് ജർമനിയിൽ ഏറ്റവും രൂക്ഷമായ അഭയാർഥി വിരുദ്ധ പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിവന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ