കേരള അസോസിയേഷൻ ഓഫ് ഓഹായോയുടെ ഓണാഘോഷം വർണാഭമായി
Wednesday, September 21, 2016 2:36 AM IST
ഒഹായോ: കേരള അസോസിയേഷൻ ഓഫ് ഓഹായോയുടെ പതിനെട്ടാമതു ഓണാഘോഷം സെപ്റ്റംബർ 17 –നു കെങ്കേമമായി നടത്തപ്പെട്ടു. ക്ലീവ്ലാന്റിലും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളി സമൂഹം ഒന്നായി ആഘോഷങ്ങളിൽ പങ്കു ചേർന്നു. അസോസിയേഷന്റെ പ്രസിഡന്റ് റോബിൻ റോയ്, വൈസ് പ്രസിഡന്റ് മേഘ മേനോൻ, സെക്രട്ടറി ബിജിത്ത് നമ്പ്യാർ, ജോയിന്റ് സെക്രട്ടറി ബബിത പവിത്രൻ, ട്രെഷറർ ജിന്സൻ ജോസഫ്, ഓഡിറ്റർ അലോഷ്യസ് ചെമ്മലക്കുഴി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

കോഴിക്കോട്ടു കുമാരനും പ്രേമ കുമാരനും നിലവിളക്കിൽ നിറദീപം തെളിയിച്ച് ചടങ്ങുകൾക്ക് പ്രാരംഭം കുറിച്ച ആഘോഷ പരിപാടികളിൽ ഡോ. പരമേശ്വരൻ രാമകൃഷ്ണൻ തിരുവോണസന്ദേശം നൽകി. തുടർന്നു താലപ്പൊലിയുമായി മഹാബലിയുടെ എഴുന്നള്ളത്തും, തിരുവാതിരയും വിവിധ കലാപരിപാടികളും അരങ്ങേറി. ബ്രിജേഷ് ജോർജ് സംവിധാനം ചെയ്ത ന്യൂജെൻ മണിച്ചിത്രത്താഴ് ഹാസ്യ നാടകം എല്ലാവരെയും ആകർഷിച്ചു.



പായസ മത്സരത്തിൽ വിജയികളായ ദേവി സൗമ്യ, ഷീല ജേക്കബ്, അനുപമ കൃഷ്ണൻ എന്നിവർക്കും, അസോസിയേഷന്റെ പുതിയ വെബ്സൈറ്റ് നിർമ്മിച്ച റോഹൻ പിള്ളക്കും മുൻ പ്രസിഡന്റ് സ്കറിയ തോമസ് സമ്മാനങ്ങൾ വിതരണം നടത്തി. വൈകിട്ട് തിരുവോണ സദ്യയോടെ ആഘോഷങ്ങൾക്ക് വിരാമമായി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം