ചരിത്രം തിരുത്തിക്കുറിച്ച് വെസ്റ്റ് ചെസ്റ്റർ ഓണാഘോഷം
Tuesday, September 20, 2016 8:00 AM IST
ന്യൂയോർക്ക്: ഒരുകാലത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷം സംഘടിപ്പിച്ചിരുന്ന വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഇത്തവണ പുതിയ ചരിത്രം കുറിക്കുന്നതായി. നാൽപ്പത്തിരണ്ട് ഓണം ഉണ്ട പ്രൗഡിയിൽ വെസ്റ്റ്സ്ചെസ്റ്റർ മലയാളി അസോസിയേഷൻ ഒരുക്കിയ ഓണാഘോഷം സദ്യകൊണ്ട് നാവിനും കലാമേളകൊണ്ട് മനസിനും വിരുന്നായി.

ഗ്രീൻബർഗ് വുഡ്ലാൻഡ്സ് ഹൈസ്കൂളിൽ ആയിരത്തിഅഞ്ഞൂറോളം പേർ പങ്കെടുത്ത ഓണസദ്യയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി എത്തിയ മാവേലിക്കു ഉജ്‌ജ്വല സ്വീകരണം നല്കി. ഘോഷയാത്രയ്ക്ക് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, സെക്രട്ടറി ടെറൻസൺ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.മാവേലിയായി രാജ് തോമസ് വേഷമിട്ടു.

അസോസിയേഷൻ പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർ പോൾ കറുകപ്പള്ളിൽ, വനിതാ ഫോറം ചെയർ ലീല മാരേട്ട്, ഫോമാ ജനറൽ സെക്രട്ടറി ജിബി തോമസ്, വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കൽ, ഫാ. സോണി ഫിലിപ്പ്, വെസ്റ്റ് ചെസ്റ്റർ അയ്യപ്പക്ഷേത്രം മേൽശാന്തി മനോജ് നമ്പൂതിരി, ഫൊക്കാന എക്സി. വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ ചേർന്ന് നിലവിളക്ക് തെളിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് ചെസ്റ്റർ കൗണ്ടി എക്സിക്യൂട്ടീവ് റോബ് അസ്റ്റോറിനോ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഓണസന്ദേശം നൽകി. മധുകർ ലാലിന്റെ നേതൃത്വത്തിലുള്ള റോക്ക് ലാൻഡ് സ്കൂൾ ഓഫ് വയലിൻ അംഗങ്ങൾ ഇന്ത്യയുടേയും അമേരിക്കയുടേയും ദേശീയ ഗാനങ്ങൾ ആലപിച്ചു. സംഘടനയുടെ മുഖപത്രം കേരള ദർശനം ചീഫ് എഡിറ്റർ ഗണേഷ് നായരിൽ നിന്നും കെ.ജെ. ഗ്രിഗറി ഏറ്റുവാങ്ങി. കേരളത്തിൽ നിന്നു വന്ന കൺസ്യൂമർ ഫെഡ് ചെയർ ജോയി തോമസ് പ്രകാശനം ചെയ്തു. ചടങ്ങിൽ വെസ്റ്റ് ചെസ്റ്റർ ചലഞ്ചേഴ്സ് ടീമിനു കാഷ് അവാർഡും സമ്മാനിച്ചു. ശ്രീകുമാർ ഉണ്ണിത്താൻ, ടെറൻസൺ എന്നിവർ പ്രസംഗിച്ചു.

പ്രശസ്ത സിനിമാതാരം ദിവ്യ ഉണ്ണി നൃത്തത്തോടെ കലാപരിപാടികൾക്കു തുടക്കമായി. വനിതാഫോറത്തിന്റെ തിരുവാതിര, ബിന്ദ്യ പ്രസാദ്, ദേവിക ഹരി, ലതിക ഉണ്ണി, രാധിക ബഹൽ എന്നിവരുടെ നേതൃത്തത്തിലുള്ള നൃത്തങ്ങൾ, രേഖ നായർ, കവിത സാഗർ എന്നിവരുടെ സോളോയും, സാബു തിരുവല്ലയുടെ മിമിക്രിയും വെസ്റ്റ് ചെസ്റ്ററിലെ കലാകാരികളുടെ കലാപരിപാടികളും പ്രേക്ഷക ഹൃദയം കവരുന്നതായിരുന്നു. കലാപരിപാടികൾക്ക് ഷൈനി ഷാജൻ ആയിരുന്നു എം.സി. ആയിരുന്നു.