മെൽബണിലെ മാസങ്ങൾ നീണ്ട ഓണാഘോങ്ങൾക്കു കൊടിയിറങ്ങുന്നു
Tuesday, September 20, 2016 7:59 AM IST
മെൽബൺ: കേരളത്തിൽ ഉള്ളവർക്ക് ഓണാഘോഷം കുറച്ചു ദിവസങ്ങൾ മാത്രമേ കാണു. എന്നാൽ മെൽബൺ മലയാളികൾ കുറച്ച് മാസങ്ങളായി ഓണാഘോഷത്തിലാണ്. മൂന്നിലധികം ഓണങ്ങൾ ഉണ്ണുന്നവരാണ് മിക്ക മെൽബൺ മലയാളികളും. കേരളത്തിലേക്കാൾ ഓണത്തിന്റെ പ്രൗഡി ഇവിടെ അല്പം കൂടുതലാണ്. അത്തപൂക്കളങ്ങൾ, ചെണ്ടമേളം, തിരുവാതിര, പുലികളി, വടംവലി മത്സരങ്ങൾ, മാവേലി, വിഭവ സമൃദ്ധമായ സദ്യ എന്നുവേണ്ട എല്ലാത്തിലും മികച്ചു നിൽക്കുന്നതാണ് ഓസ്ട്രേലിയൻ ഓണങ്ങൾ.

ചെറുതും വലുതുമായ അമ്പതിലധികം ഓണാഘോഷങ്ങൾക്ക് സാക്ഷി ആയി മെൽബൺ ഈ വർഷം. ഏറ്റവും വലിയ ഓണാഘോഷങ്ങൾ നടന്നത് മെൽബൺ മലയാളി ഫെഡറേഷൻ, മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ എന്നീ സംഘടനകളുടേതാണ്. മെൽബൺ മലയാളി ഫെഡറേഷൻ ഓണാഘോഷത്തിൽ ചലച്ചിത്രതാരം ഉണ്ണി മുകുന്ദൻ അതിഥിയായി പങ്കെടുത്തു. മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ ഓണാഘോഷത്തിൽ പി.സി. ജോർജ് എംഎൽഎ, ജയരാജ് വാരിയർ എന്നിവർ അതിഥികളായിരുന്നു. കൂടാതെ മെൽബൺ മൈത്രി, കേസി മലയാളി, ഫ്രാങ്ക് സ്റ്റാൻ മലയാളി, റിംഗ്വൂഡ്, വിറ്റൽസി, എൻഎംസിസി, ഹിന്ദു സമാജം, എസ്എൻഡിപി, വിന്ദം മലയാളി, ക്ലയ്റ്റൺ മൈത്രി, കേളി, പുലരി, ബെറിക്, ഡാൻഡിനോംഗ് എന്നിങ്ങനെ വിവിധ കൂട്ടായ്മകളയുടെ ഓണങ്ങളും അരങ്ങേറി.

സെപ്റ്റംബർ 14 നു ആയിരുന്നു ഓണം എങ്കിലും അതിനു ഒരു മാസം മുമ്പ് മെൽബണിൽ ആഘോഷങ്ങൾ തുടങ്ങി. അതിനും മാസങ്ങൾ മുമ്പേ ഒരുക്കങ്ങളും തുടങ്ങി. ഓണം കഴിഞ്ഞു ഒരു മാസത്തോളം ആഘോഷങ്ങൾ നീണ്ടു നിൽക്കുകയും ചെയ്യും. വളരെ പ്രഫഷണൽ ആയാണ് ഇപ്പോൾ ഓണാഘോഷങ്ങൾ നടത്തുന്നത്. ഓണ സാധനങ്ങൾ നാട്ടിൽ നിന്നും കൊണ്ട് വരുന്നതും ഒരു വൻ വ്യവസായം ആയി മാറിയിരിക്കുകയാണ്.

എന്തായാലും പ്രവാസികളും പുതിയ തലമുറയും കേരള തനിമയിൽ പോകുന്നു എന്നതും എല്ലാവർക്കും കലാ പരിപാടികളിൽ പങ്കെടുക്കാൻ പറ്റുന്നു എന്നതും ഏറെ ഗുണകരമാണ്.