തെരഞ്ഞെടുപ്പു ഫണ്ട് ശേഖരണത്തിലും പ്രചാരണത്തിലും ഹില്ലരി ഒന്നാമത്
Tuesday, September 20, 2016 7:58 AM IST
വാഷിംഗ്ടൺ: പൊതുതെരഞ്ഞെടുപ്പിന് അൻപതുനാൾ ശേഷിക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹില്ലറി ക്ലിന്റൺ ചെലവാക്കിയ തുക എതിരാളി ഡോണാൾഡ് ട്രംപിനേക്കാൾ ഏഴിരട്ടി. ടിവി പരസ്യങ്ങൾക്കാണ് ഹില്ലരി ഏറ്റവും കൂടുതൽ തുക ചെലവാക്കിയിരിക്കുന്നത്. അമേരിക്കയുടെ വിവിധ സംസ്‌ഥാനങ്ങളിൽ ഹില്ലരിക്കുവേണ്ടി പ്രചാരണ രംഗത്തുളള വോളന്റിയർമാരുടേയും പാർട്ടി പ്രവർത്തകരുടേയും എണ്ണം നോക്കിയാൽ ട്രംപിനേക്കാൾ രണ്ടിരട്ടിയോളം വരും ഈ തുക.

ലഭ്യമായ കണക്കുകൾ അനുസരിച്ച് ഹില്ലരിക്ക് 435 മില്യൺ ഡോളറും ട്രംപിന് 160 മില്യൻ ഡോളറും തെരഞ്ഞെടുപ്പു ഫണ്ടായി ലഭിച്ചിട്ടുണ്ട്. എല്ലാ രംഗത്തും ഒന്നാംസ്‌ഥാനത്ത് നിൽക്കുന്ന ഹില്ലരിക്ക് വോട്ടറന്മാരുടെ പിന്തുണ എത്രമാത്രം ലഭിച്ചിട്ടുണ്ട് എന്ന് വ്യക്‌തമാകണമെങ്കിൽ നവംബർ ആറുവരെ കാത്തിരിക്കണം. അതേസമയം ഹില്ലരി ക്യാമ്പിൽ ആദ്യം ഉണ്ടായിരുന്ന വിജയ പ്രതീക്ഷകൾക്ക് സമീപകാല സംഭവങ്ങൾ മങ്ങൽ ഏൽപിച്ചിട്ടുണ്ട് എന്നത് അംഗീകരിക്കപ്പെടുന്ന ഒരു യാഥാർഥ്യമാണ്. എട്ടു വർഷം വൈറ്റ് ഹൗസിൽ കഴിഞ്ഞ ഹില്ലരി മറ്റൊരു നാലുവർഷം കൂടി വൈറ്റ് ഹൗസിൽ ഉണ്ടാകുമോ എന്നത് സംശയമാണ്.

എന്നാൽ രാഷ്ര്‌ടീയക്കാരനല്ലാത്ത ട്രംപ് നേരിടുന്ന കടമ്പകളും നിരവധിയാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ പല പ്രമുഖ നേതാക്കളും ട്രംപിനെ പരസ്യമായി പിന്തുണയ്ക്കുവാൻ തയാറായിട്ടില്ല. താഴേ തട്ടിൽ പാർട്ടി മിഷനറിയുടെ പ്രവർത്തനം അത്രയും സജീവമല്ല. അമേരിക്കയുടെ ഭാവി ശോഭനമാകണമെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടി അധികാരത്തിൽ വരണമെന്ന് മുദ്രാവാക്യവുമായി മുന്നേറുന്ന ട്രംപ്, ദേശീയ സുരക്ഷയ്ക്ക് നൽകുന്ന പ്രഥമ പരിഗണനയും അനധികൃത കുടിയേറ്റക്കാർക്കെതിരെ സ്വീകരിച്ചിരിക്കുന്ന നയവും അമേരിക്കൻ ജനത എങ്ങനെ നോക്കി കാണുന്നു എന്നതിനെ അടിസ്‌ഥാനമാക്കിയിരിക്കും വിജയ സാധ്യതകൾ.

റിപ്പോർട്ട്: പി.പി. ചെറിയാൻ