ഇസ്ലാമിക് സെന്റർ വിദ്യാർഥികളെ ആദരിക്കുന്നു
Tuesday, September 20, 2016 4:40 AM IST
അബുദാബി: വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച വിദ്യാർഥികളുടെ അപൂർവ സംഗമത്തിന് അബുദാബിയിൽ വേദിയൊരുങ്ങുന്നു. സെപ്റ്റംബർ 23നു (വെള്ളി) വൈകുന്നേരം 7.30ന് ആരംഭിക്കുന്ന പരിപാടി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററാണ് സംഘടിപ്പിക്കുന്നത്. തലസ്‌ഥാന നഗരിയിലെ 11 ഇന്ത്യൻ സ്കൂളുകളിൽ നിന്നായി 10,12 ക്ലാസുകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയാണ് ചടങ്ങിൽ ആദരിക്കുക. സെന്റർ അംഗങ്ങളുടെ മക്കളിൽ കൂടുതൽ കഴിവ് തെളിയിച്ചവരെയും പരിപാടിയിൽ ആദരിക്കും.

ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി കപിൽരാജ്, അബുദാബി എഡ്യൂക്കേഷൻ കൗൺസിൽ സ്വകാര്യവിദ്യാലയ വിഭാഗം മേധാവി മറിയം അൽ നിയാദി എന്നിവർ മുഖ്യാതിഥികളായിരിക്കും. ചടങ്ങിൽ സാമൂഹിക–സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്‌തികളും വിവിധ സ്കൂളുകളിലെ പ്രിൻസിപ്പൾമാരും സംബന്ധിക്കും. നാലു വർഷമായി സെന്റർ നടത്തിക്കൊണ്ടിരിക്കുന്ന ടോപ്പേഴ്സ് മീറ്റ് വൻവിജയമാക്കിമാറ്റുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.വിദ്യാഭ്യാസ രംഗത്ത് ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ വിവിധ സേവനങ്ങൾ പ്രവാസി ഇന്ത്യക്കാർക്ക് ഏറെ ഗുണകരമായി മാറിയിട്ടുണ്ട്. കാലിക്കട്ട് യൂണിവേഴ്സിറ്റി കോഴ്സുകൾ, പത്താംതരം തുല്യതാ പരീക്ഷ,ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സർവീസ് പരിശീലനം തുടങ്ങിയവ സെന്ററിന്റെ ഈ രംഗത്തെ മികച്ച നേട്ടങ്ങളാണ്. പുതുതായി ആരംഭിച്ച കൈയെഴുത്ത് പരിശീലന ക്ലാസും ശ്രദ്ധേയമാണ്. കൂടാതെ സ്പോക്കൺ ഇംഗ്ലീഷ്, അറബിക്, കംപ്യൂട്ടർ പരിശീലനം എന്നിവയും നടന്നുവരുന്നു.

വാർത്താസമ്മേളനത്തിൽ സെന്റർ പ്രസിഡന്റ് പി. ബാവഹാജി, ജനറൽ സെക്രട്ടറി മൊയ്തുഹാജി കടന്നപ്പള്ളി, ട്രഷറർ എം.പി.എം റഷീദ്, എഡ്യൂക്കേഷൻ സെക്രട്ടറി എൻജിനിയർ ഷഫീഖ് മാരേക്കാട്, സാബിർ മാട്ടൂൽ, ബഷീർ പുതുപ്പറമ്പ് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള