കൊളംബസിൽ തിരുനാൾ ഭക്‌തിനിർഭരമായി
Tuesday, September 20, 2016 2:42 AM IST
ഒഹായോ: കൊളംബസ് സീറോ മലബാർ മിഷന്റെ മദ്ധ്യസ്‌ഥയായ പരി. കന്യാമറിയത്തിന്റെ തിരുനാൾ സെപ്റ്റംബർ 18–നു ഭക്‌തിനിർഭരമായി കൊണ്ടാടി. ചിക്കാഗോ രൂപതയുടെ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് തിരുനാൾ കർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ഈവർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തിയത് 40 പ്രസുദേന്തിമാരായിരുന്നു.

പരിശുദ്ധ കന്യാമറിയത്തിന്റേയും, ഭാരതത്തിൽ നിന്നുള്ള വിശുദ്ധരുടേയും രൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിലും, ഊട്ടുനേർച്ചയിലും അനേകം പേർ പങ്കെടുത്തു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ കുട്ടികളുടേയും മുതിർന്നവരുടേയും കലാപരിപാടികൾ ആഘോഷങ്ങൾ വർണ്ണാഭമാക്കി. മാർ ജോയി ആലപ്പാട്ട് എല്ലാവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ഈവർഷം ‘കൊളംബസ് നസ്രാണി അവാർഡ്’ നേടിയ മിസ് ഷിംഷ മനോജിനെ വേദിയിൽ ആദരിച്ചു. പി.ആർ.ഒ ജിഷ ജോസഫ് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം