ബ്രെക്സിറ്റ് നടപടിക്രമങ്ങൾ ഫെബുവരിയിൽ തുടങ്ങും
Monday, September 19, 2016 8:11 AM IST
ലണ്ടൻ: യുറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കാനുള്ള ബ്രിട്ടന്റെ തീരുമാനം പ്രാബല്യത്തിൽ വരുത്താനുള്ള ഔദ്യോഗിക നടപടികൾ അടുത്ത വർഷം ഫെബ്രുവരിയിൽ തുടങ്ങുമെന്ന് യൂറോപ്യൻ യൂണിയൻ ചെയർമാൻ ഡൊണാൾഡ് ടസ്ക്. ബ്രെക്സിറ്റ് ചർച്ച ഫെബ്രുവരിയിൽ തുടങ്ങാൻ തയാറാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അറിയിച്ചിട്ടുണ്ടെന്നും ടസ്ക് വ്യക്‌തമാക്കി.

യുറോപ്യൻ യൂണിയൻ ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. എന്നാൽ, ബ്രെക്സിറ്റ് ചർച്ച സംബന്ധിച്ച് ധാരണയായ വിവരം ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് സ്‌ഥിരീകരിച്ചിട്ടില്ല.

യുറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു വരാനുള്ള ചർച്ചകൾ രണ്ടു വർഷം നീണ്ടു നിൽക്കുമെന്നാണ് റിപ്പോർട്ട്. ചർച്ചകൾക്കുശേഷം അന്തിമ വിടുതൽ കരാറിൽ ബ്രിട്ടണും യുറോപ്യൻ യൂണിയനും ഒപ്പുവയ്ക്കും. ലിസ്ബൻ കരാറിലെ 50–ാം ആർട്ടിക്കിൾ പ്രകാരമാണ് ബ്രിട്ടൺ ഇയു ബന്ധം അവസാനിപ്പിക്കുക.

1973ലാണ് ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽ അംഗമായത്. 1975ൽ യൂറോപ്യൻ യൂനിയനിൽ തുടരണോ എന്നതു സംബന്ധിച്ച് ഹിതപരിശോധന പ്രഖ്യാപിച്ചു. എന്നാൽ, യൂറോപ്യൻ യൂണിയനോടൊപ്പം നിൽക്കണമെന്നായിരുന്നു ഹിതപരിശോധനാ ഫലം. യൂറോ സോണിന്റെ ഏകീകൃത നാണയമായ യൂറോ 1992ൽ നിലവിൽവന്നെങ്കിലും 2002 മുതലാണ് ബ്രിട്ടനിൽ യൂറോ സ്വീകാര്യമായത്.

ബ്രിട്ടന്റെ ഔദ്യോഗിക നാണയമായ പൗണ്ട് അവർ നിലനിർത്തുകയും ചെയ്തു. കഴിഞ്ഞ ജൂൺ 24ന് നടന്ന നിർണായകമായ ഹിതപരിശോധനയിലാണ് യൂറോപ്യൻ യൂനിയനിൽ തുടരേണ്ടെന്ന് ബ്രിട്ടനിലെ ജനങ്ങൾ വിധിയെഴുതിയത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ