കിഫ് കാംപയിനു തുടക്കമയി
Monday, September 19, 2016 4:26 AM IST
കുവൈത്ത്: ‘നിർത്തൂ, വെറുപ്പിന്റെ രാഷ്ര്‌ടീയം’ എന്ന പ്രമേയത്തിൽ കുവൈത്ത് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കിഫ് സെപ്റ്റംബർ 30 വരെ നടത്തുന്ന കാമ്പയിനു തുടക്കമായി.

അബൂഹലീഫ തനിമ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിന്റ് മുസ്തഫ മുളയങ്കാവ് ഉദ്ഘാടനം ചെയ്തു. ഭരണകൂടത്തിന്റെ സകല സംവിധാനവും ആയുധമാക്കി സംഘ്പരിവാർ ജനങ്ങളെ വിഭജിക്കുകയാണെന്നും ഇതിനെതിരെ മതേതര കക്ഷികൾ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വത്തിൽ കഴിയുന്ന പ്രവാസികളുടെ ഇടയിൽ പോലും സംഘ്പരിവാർ ശക്‌തികൾ ഹിന്ദുത്വ പൊതുബോധം സൃഷ്‌ടിക്കുകയാണെന്നും ഇതിനെ കരുതലോടെ കാണണമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ അമീൻ കൊല്ലം പറഞ്ഞു. യോഗത്തിൽ കിഫ് ഫഹഹീൽ സെക്രട്ടറി ഷംഷീർ ആനവാതിക്കൽ അധ്യക്ഷത വഹിച്ചു. നസീം മുഹമ്മദ്, മുഹമ്മദ് വയനാട് എന്നിവർ പ്രസംഗിച്ചു.

കാമ്പയിനിന്റെ ഭാഗമായി അബാസിയയിൽ സംഘടിപ്പിച്ച ടേബിൾ ടോക്ക് കിഫ് സോണൽ സെക്രട്ടറി ശിഹാബ് പാലപ്പെട്ടി ഉദ്ഘാടനം ചെയ്തു. ഹിന്ദുത്വം ഇന്ന് ആർഎസ്എസിൽ മാത്രം ഒതുങ്ങുന്നതല്ല. അത് ഒരു ചിന്തധാരയായി വളന്നിട്ടുണ്ടെന്നും അതിനെതിരെയാണ് പ്രതിരോധം തീർക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്ത് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള ഘടകം അബാസിയ സെക്രട്ടറി സൈഫുദ്ദീൻ കുന്നുംകൈ അധ്യക്ഷത വഹിച്ചു. റെജി പന്തളം, ഷനവാസ് ചൂണ്ട, സൈഫുദ്ദീൻ, നസീർ കൊല്ലം, സക്കരിയ ഇരിട്ടി, മനാഫ് പൊന്നനി എന്നിവർ സംസാരിച്ചു. സഫീർ തിരുവനന്തപുരം മോഡറേറ്റർ ആയിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ