കാട്ടുകുതിരകളെ കൊല്ലുന്നതിനെതിരെ വൻ പ്രതിഷേധം
Saturday, September 17, 2016 8:20 AM IST
ന്യൂയോർക്ക്: ഫെഡറൽ ഗവൺമെന്റിന്റെ സംരക്ഷണയിൽ കഴിയുന്ന 45,000 കുതിരകളെ കൊല്ലുന്നതിന് യുഎസ് സർക്കാർ തീരുമാനിച്ചതിനെതിരെ ശക്‌തമായ പ്രതിഷേധം ഉയരുന്നു. നാഷണൽ വൈൽഡ് ഹോഴ്സ് ആൻഡ് ബറൊ അഡ്വൈസറി ബോർഡ് ഓഫ് ഡയറക്ടേഴ്സ് സംയുക്‌തമായാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. കുതിരകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതും ഇവയെ തീറ്റി പോറ്റുന്നതിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതുമാണ് ഇത്തരമൊരു തീരുമാനത്തിലെത്താൻ അധികൃതരെ പ്രേരിപ്പിച്ചത്.

എന്നാൽ ഇതിനെതിരെ ശക്‌തമായ പ്രതിഷേധവുമായി ഹ്യൂമൻ സൊസൈറ്റി രംഗത്തെത്തി. കുതിരകളെ കൊല്ലുന്നതിനുപകരം, വംശ വർധന തടയുന്നതിനുളള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നാണ് ഇവരുടെ അഭിപ്രായം.

ഗവൺമെന്റ് ഫെസിലിറ്റികളിൽ കഴിയുന്ന കുതിരകളുടെ ചെലവിനായി 50 മില്യൺ ഡോളറാണ് ഓരോ വർഷവും ചെലവിടുന്നതെന്ന് ബ്യൂറോ പറയുന്നു. 2015ൽ അമേരിക്കയിൽ 3.2 മില്യൺ മൃഗങ്ങളെയാണ് കൊന്നൊടുക്കിയതെന്ന് ഗവൺമെന്റ് ഏജൻസി അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ അര മില്യൺ അധികമാണിത്.

കലിഫോർണിയ, നവേദ തുടങ്ങിയ സ്‌ഥലങ്ങളിൽ 67,000 കുതിരകളാണ് ഗവൺമെന്റിന്റെ സംരക്ഷണയിൽ കഴിയുന്നത്. ശക്‌തമായ പ്രതിഷേധത്തെ തുടർന്ന് തീരുമാനം പുനഃപരിശോധിക്കുമോ എന്ന് വ്യക്‌തമാക്കിയിട്ടില്ല.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ