മെത്രാഭിഷേക ശുശ്രൂഷകൾക്ക് സ്വർഗീയ സംഗീത അനുഭവം നൽകാൻ അറുപത് അംഗ ഗായക സംഘം
Friday, September 16, 2016 8:20 AM IST
ലണ്ടൻ: പ്രസ്റ്റണിലെ നോർത്ത് എൻഡ് സ്റ്റേഡിയത്തിൽ ഒക്ടോബർ ഒമ്പതിന് സീറോ മലബാർ രൂപത സ്‌ഥാപിതമാകുകയും നിയുക്‌ത മെത്രാൻ ജോസഫ് സ്രാമ്പിക്കലിനെ മെത്രാനായി അഭിഷിക്‌തനാക്കുകയും ചെയ്യുന്ന ആരാധന ശുശ്രൂഷക്കു സ്വർഗീയ അന്തരീക്ഷം സൃഷ്‌ടിക്കാൻ അറുപതിൽ പരം അംഗങ്ങളുള്ള പ്രത്യേക ഗായക സംഘത്തെ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ഫാ, ടോമി ചിറക്കൽ മണവാളൻ, ജോൺസൻ, ജോജോ, ടൈറ്റസ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റിയാണ് ഗായക സംഘത്തെ ഏകോപിപ്പിക്കുക.

സീറോ മലബാർ സഭയുടെ മെത്രാഭിഷേക ശുശ്രൂഷയിൽ വളരെ പ്രത്യേകമായ ഗാനങ്ങൾ ആണ് ഉപയോഗിക്കുന്നത്. യുകെയിലെ സീറോ മലബാർ വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽ ഗാന ശുശ്രൂഷകളിൽ സഹായിക്കുന്ന ഗായികാ ഗായകരെയും ഉപകരണ സംഗീത വിദഗ്ധരെയും ഒരുമിച്ചു ചേർത്ത് ലൈവ് ആയിട്ടായിരിക്കും ശുശ്രൂഷയിൽ ഉടനീളം ഗാനങ്ങൾ ആലപിക്കുന്നത്. ശുശ്രൂഷയിൽ ആലപിക്കാനുള്ള ഗാനങ്ങൾ ഇതിനായി അംഗങ്ങൾക്ക് നൽകി കഴിഞ്ഞു. സഭയുടെ പരമ്പരാഗതമായ ആരാധന ക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സുറിയാനിയിൽ ഉൾപ്പടെ ഉള്ള ഗാനങ്ങളും ശുശ്രൂഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ ഒന്നിനു ഗായക സംഘത്തിനായി പ്രത്യേക പരിശീലന പരിപാടിയും പങ്കെടുപ്പിച്ചിട്ടുണ്ട്. ഈ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കായിരിക്കും ഗാന ശുശ്രൂഷയിൽ പങ്കെടുക്കാനർഹത.

പൗരോഹിത്യ സ്വീകരണ ശുശ്രൂഷകളുൾപ്പെടെ നിരവധി ഗാന ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുകയും നിരവധി ക്രിസ്തീയ ഗാനങ്ങൾക്ക് രചനയും സംഗീതവും നിർവഹിക്കുകയും മികച്ച ഗായകനും കൂടിയായ ഫാ. സെബാസ്റ്റ്യൻ ചാമക്കാലയുടെ നേതൃത്വത്തിലുള്ള ഗായകസംഘത്തിൽ മെത്രാഭിഷേക ശുശ്രൂഷകളിൽ ഉൾപ്പെടെ സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുള്ളവരെയാണ് സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

മെത്രാഭിഷേക ശുശ്രൂഷ നടക്കുന്ന ഒക്ടോബർ ഒമ്പതിന് ഉച്ചക്ക് 12 മുതൽ ഗായക സംഘത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ഗാന ശുശ്രൂഷയും ജപമാല പ്രാർഥനകളും നടക്കും.

സെപ്റ്റംബർ 18നു (ഞായർ) ഉച്ചക്ക് മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ എത്തിച്ചേരുന്ന നിയുക്‌ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിനെ മെത്രാഭിഷേക കമ്മിറ്റികളുടെ ജനറൽ കൺവീനർ ഫാ. തോമസ് പാറയടിയുടെയും ജോ. കൺവീനർ ഫാ. മാത്യു ചൂരപൊയ്കയിലിന്റെയും സ്വീകരണ കമ്മിറ്റി കൺവീനർ ഫാ. സജി മലയിൽ പുത്തൻപുര, മറ്റു കമ്മിറ്റി അംഗങ്ങൾ. അല്മായ പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും.

തുടർന്നു വൈകുന്നേരം പ്രസ്റ്റണിലെ നിയുക്‌ത കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു നിയുക്‌ത മെത്രാൻ തന്റെ ശുശ്രൂഷകൾക്ക് തുടക്കം കുറിക്കുമെന്ന് മീഡിയ കോഓർഡിനേറ്റർ ഫാ. ബിജു കുന്നക്കാട്ട് അറിയിച്ചു.

<ആ>റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ